Listen live radio

മണച്ചാല വൈഡൂര്യത്തിന്റെ മാത്രം നാടല്ല, നിഗൂഢതകളുടേതുമാണ്; കൊടും കാട്ടിനുള്ളിലൂടെ നടക്കേണ്ടത് ആറു കിലോമീറ്റർ, ക്ഷേത്രപൂജാരിയെത്തുന്നതും പ്രത്യേക അനുമതിയോടെ

after post image
0

- Advertisement -

 

പാലോട്: അമ്പത് വർഷങ്ങൾക്ക് മുമ്പ് വൈഡൂര്യത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെയാണ് മണച്ചാലിലേക്ക് നിധി തേടി ആൾക്കാരെത്തി തുടങ്ങിയത്. 1972 കാലത്ത് ഇവിടെ നിന്നും വൈഡൂര്യം കിട്ടിയെന്നാണ് പറയപ്പെടുന്നത്. ബ്രിട്ടീഷുകാർ നിർമ്മിച്ചെന്നു കരുതുന്ന ഒരു ശാസ്താക്ഷേത്രമാണ് ഇവിടത്തെ പ്രത്യേകത.

മണച്ചാല ക്ഷേത്ര പരിസരത്ത് നിന്ന് ഉത്ഭവിച്ച് കല്ലാറിൽ ചേരുന്ന തോടിന്റെ ഓരം ചേർന്നാണ് പതിറ്റാണ്ടുകളായുള്ള വൈഡൂര്യ ഖനനം. പത്ത് തവണയെങ്കിലും ഈ ഭാഗത്ത് ഖനനം നടന്നതായി പരിസരവാസികൾ പറയുന്നു. എന്നാൽ നാലുതവണ എന്നാണ് വനംവകുപ്പിന്റെ രേഖ. ക്ഷേത്രത്തിന് മുന്നിലായി വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് നോക്കുകുത്തിയായി സ്ഥാപിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പ് കാട്ടുപോത്തിനെ വെടിവച്ചതിന് തോക്കുൾപ്പടെ മൂന്നംഗ സംഘത്തെ പരിസരഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ച് വനപാലകരെ പിൻവലിച്ചു. നാല് ഭാഗവും ആനക്കിടങ്ങു കുഴിച്ച് സുരക്ഷിതമായ ഭാഗത്താണ് ലക്ഷങ്ങൾ ചെലവഴിച്ച ഷെഡ് നിർമ്മിച്ചിരിക്കുന്നത്.

ഒരു മാസത്തോളമായി നടന്ന പാറ പൊട്ടിക്കലും കുഴിക്കലും പുറംലോകം അറിഞ്ഞത് ആദിവാസികളിൽ നിന്നാണ്. തോരാമഴയുടെയും മണ്ണിടിച്ചിലിന്റെയും ആശങ്ക മുതലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുമ്പ് പൂർത്തിയാക്കാൻ കഴിയാതെ പോയ കുഴികൾക്ക് സമീപത്തായി നാലരയടി ചുറ്റളവിലും 12 അടി താഴ്ചയിലുമുള്ള കുഴിയാണ് ഇപ്പോൾ കണ്ടെത്തിയത്. ജനറേറ്ററുകൾ, പമ്ബുസെറ്റുകൾ, ഡ്രില്ലിംഗ് മെഷീനുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഖനനം. ഇവയ്ക്ക് പുറമേ പാറ പൊട്ടിക്കാനായി എത്തിച്ച 12 ഡിറ്റനേറ്ററും 43 പാക്കറ്റ് പശയും കണ്ടെത്തിയതും സംശയം വർദ്ധിപ്പിക്കുന്നു.

വനംവകുപ്പിന്റെ അനുവാദത്തോടെ മൈലമൂട്ടിലുള്ള ഒരു വ്യക്തിയാണ് എല്ലാമാസം ഒന്നാം തീയതി ഇവിടെ വിളക്ക് കൊളുത്താനെത്തുന്നത്. ബ്രൈമൂറിൽ നിന്നും ആറ് കിലോമീറ്റർ നടന്നുവേണം മണച്ചാലിലെത്താൻ. വനംവകുപ്പിന്റെ രജിസ്റ്ററിൽ പേരും വിവരങ്ങളും എഴുതി നൽകി വേണം അകത്തേക്ക് കടക്കാൻ. പൂജാരി പോലും പേര് രജിസ്റ്ററിലെഴുതിയാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്. അങ്ങനെയുള്ള സ്ഥലത്ത് 20 ദിവസത്തോളം ആരുമറിയാതെ ഖനനം നടത്തിയെന്നത് ദുരൂഹത വ്യക്തമാക്കുന്നുണ്ട്.

ബീറ്റ് ഫോറസ്റ്റ് ഓഫീസറും മൂന്ന് വാച്ചർമാരും അടങ്ങുന്ന ടീമിനെയാണ് ക്യാമ്പ് ഷെഡിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ഇവരെ പിൻവലിച്ചതിന് ശേഷം വൈഡൂര്യ ഖനനം ഊർജിതമായെന്നാണ് ആക്ഷേപം. ക്യാമ്പ് ഷെഡ് വരെയും വാഹനമെത്തും. ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ഖനന മേഖല. ജനറേറ്ററുകളും മോട്ടോറും മറ്റ് മെഷീനുകളും വാഹനത്തിലാണ് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. ക്യാമ്പ് ഷെഡിന് മുന്നിലൂടെയാണ് സംഘം എത്തിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പൊതുപ്രവർത്തകർ എന്ന മേൽവിലാസത്തിൽ ഏതാനും ചില വ്യാപാരികളാണ് വനപാലകരെ കൂട്ടുപിടിച്ച് ഖനനം പുനരാരംഭിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും ആരോപിക്കുന്നത്.

 

 

Leave A Reply

Your email address will not be published.