Listen live radio
ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഹെൽത്തി ഡയറ്റും വ്യായാമവുമൊക്കെ ആവശ്യമാണ്. അത്തരത്തിൽ ആരോഗ്യത്തോടെ ജീവിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം…
- ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് പ്രധാന കാര്യം.
- ഭക്ഷണം മൂന്നോ നാലോ തവണയായി തന്നെ കഴിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയും അറിഞ്ഞ് കഴിക്കുക. പച്ചക്കറി, പഴങ്ങൾ, പാൽ, മുട്ട, മത്സ്യം തുടങ്ങി പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായ ഇടവേളകളിൽ കഴിക്കാനും ശ്രദ്ധിക്കുക.
- പ്രഭാത ഭക്ഷണം മുടക്കരുത്. ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്തണമെങ്കിൽ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതിൽ കൂടാനും സാധ്യതയുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിക് നിരക്കിനെയും ബാധിക്കാം.
- വെള്ളം ധാരാളം കുടിക്കുക. കലോറിയെ എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. നിർജ്ജലീകരണം ഇല്ലാതിരിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
- രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് വലിയ തോതിൽ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കുന്നത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
- മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് അറിയാമല്ലോ. ഇവയുടെ ഉപയോഗവും കുറയ്ക്കുക.
- പഞ്ചസാരയും ഉപ്പും ശരീരത്തിന് അത്ര നല്ലതല്ല. ഇത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയാക്കുന്നു. അതിനാൽ ഭക്ഷണത്തിൽ പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക.
- ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കുക. പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും നട്സും പഴങ്ങളും മറ്റും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- ദിവസവും വ്യായാമം ചെയ്യണം. യോഗയും നല്ലതാണ്. ഇവയൊക്കെ സ്ട്രെസ്സ് അകറ്റി മാനസികമായ സന്തോഷം നൽകാൻ സഹായിക്കും.