Listen live radio

സംസ്ഥാനത്ത് രണ്ട് കോടിയിലധികം പേർ സമ്പൂർണ വാക്സിനേഷൻ നേടി; മുന്നിൽ വയനാട്

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് സമ്പൂർണ കോവിഡ് വാക്സിനേഷൻ 75 ശതമാനം പൂർത്തിയായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേർക്ക് (2,60,09,703) ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം.

ഇതോടൊപ്പം പ്രധാനമാണ് വാക്സിനേഷൻ. ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 99 ശതമാനം, തിരുവനന്തപുരം ജില്ലയിൽ 98 ശതമാനം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.

85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിലുള്ളത്. 83 ശതമാനം പേർക്ക് സമ്പൂർണ വാക്സിനേഷൻ നൽകിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകിൽ. ആരോഗ്യ പ്രവർത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്.

സ്ത്രീകളാണ് പുരുഷൻമാരേക്കാൾ വാക്സിനെടുത്തത്. സ്ത്രീകൾ 2,40,42,684 ഡോസ് വാക്സിനും പുരുഷൻമാർ 2,19,87,271 ഡോസ് വാക്സിനുമാണെടുത്തത്. കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ഇനിയും വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

Leave A Reply

Your email address will not be published.