Listen live radio
കോട്ടയം: അവധിക്കെത്തിയ മകളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം.കെ.മുരളീധരനാണ് (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകൾ ലക്ഷ്മിയെ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു മുരളീധരനും ഭാര്യ കെ.കെ.ശ്രീലതയും. മകളോടൊപ്പം കുടുംബം ശാസ്ത്രി റോഡിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന് ശേഷം കാർ എടുക്കാൻ കുര്യൻ ഉതുപ്പ് റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ജനുവരി 23-ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ ദാരുണാന്ത്യം. കൂത്താട്ടുകുളത്ത് അയൺ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. കൂത്താട്ടുകുളം മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും എൻഎസ്എസ് കരയോഗം മുൻ സെക്രട്ടറിയുമാണ് ഇദ്ദേഹം.