Listen live radio

ആന്ധ്രയിൽ നിന്ന് തക്കാളി എത്തി; വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

after post image
0

- Advertisement -

 

 

തിരുവനന്തപുരം: പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശിലെ മുളകാലചെരുവിൽനിന്ന് 10 ടൺ തക്കാളികൂടി കേരളത്തിലെത്തി. ഹോർട്ടികോർപ് മുഖേനയാണ് കൃഷി വകുപ്പ് തക്കാളി എത്തിക്കുന്നത്.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ കർഷകരിൽനിന്ന് ഹോർട്ടികോർപ് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന തക്കാളിക്കും മറ്റ് പച്ചക്കറികൾക്കും പുറമെയാണിത്. കൃഷി വകുപ്പ് ജനുവരി ഒന്നുവരെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണികളിലേക്ക് കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

തെങ്കാശിയിലെ കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച മുതൽ എത്തിത്തുടങ്ങുമെന്നും കൃഷിവകുപ്പ് അറിയിച്ചു. പച്ചക്കറിവില പിടിച്ചുനിർത്താൻ തമിഴ്‌നാട് തെങ്കാശിയിലെ കർഷകരിൽനിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം ചെയ്യാൻ രൂപവത്കരിച്ച കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി ഹോർട്ടികോർപ് ധാരണപത്രം ഒപ്പുവെച്ചിരുന്നു. തമിഴ്‌നാട് അഗ്രി മാർക്കറ്റിങ് ആൻഡ് ഹോർട്ടികൾചർ വകുപ്പ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ സംഭരിക്കുക.

തെങ്കാശിയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽനിന്ന് ഗ്രേഡ് ചെയ്ത പച്ചക്കറികൾ സംഭരിക്കാൻ ഹോർട്ടികോർപ്പിന് ഇനി കഴിയും. അതിനാൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുമെന്നാണ് വിലയിരുത്തൽ. 11 മാസത്തേക്കാണ് ധാരണ. കിലോയ്ക്ക് ഒരു രൂപ കൈകാര്യച്ചെലവ് ഹോർട്ടികോർപ് നൽകണം.

തലേദിവസം ഹോർട്ടികോർപ് ആവശ്യപ്പെടുന്ന പച്ചക്കറികൾ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോർട്ടികോർപ്പിെൻറ നേതൃത്വത്തിൽ ഉറപ്പുവരുത്തി പിറ്റേദിവസം വിതരണത്തിനായി കേരളത്തിലെത്തിക്കുകയുമാണ് ചെയ്യുക. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ആദ്യഘട്ടത്തിൽ എത്തിക്കും. തുടർന്ന് ആവശ്യമായ പച്ചക്കറികൾ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

 

Leave A Reply

Your email address will not be published.