Listen live radio
- Advertisement -
ന്യൂഡൽഹി: രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിനായി നൽകുന്നത് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ മാത്രം.
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിരപോരാളികൾക്കും 60 വയസ്സ് പിന്നിട്ട രോഗമുള്ളവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം (39 ആഴ്ച) കഴിഞ്ഞാൽ കരുതൽ ഡോസ് സ്വീകരിക്കാം. 60 പിന്നിട്ടവർ രോഗവിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി.
15നും 18നും ഇടയിൽ പ്രായമുളളവരുടെ വാക്‌സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കും. ജനുവരി ഒന്നുമുതൽ കോവിൻ പോർട്ടൽ വഴി രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഡോ. ആർ.എസ്. ശർമ പറഞ്ഞു.
രജിസ്‌ട്രേഷനായി നിലവിലുള്ള കുടുംബാംഗങ്ങളുടെ അക്കൗണ്ടിൽ കൂടിച്ചേരുകയോ കോവിൻ ആപ്പിൽ പുതുതായി ചേർക്കുകയോ വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ചേർക്കുകയോ ചെയ്യാം. 2007 വർഷം അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്.
രജിസ്‌ട്രേഷൻ നടത്താൻ വിദ്യാർഥി തിരിച്ചറിയൽ കാർഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 10 മുതൽ ആരംഭിക്കുന്ന കരുതൽ ഡോസിന് നേരത്തേ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കും. രണ്ടാം ഡോസ് എടുത്ത തീയതി ആപ്പിൽ രജിസ്റ്റർ ചെയ്തത് അനുസരിച്ചായിരിക്കും കരുതൽ ഡോസിന്റെ തീയതി നിശ്ചയിക്കുക. ഓൺലൈൻ മുഖേനയോ നേരിട്ടോ രജിസ്ട്രേഷൻ നടത്താം.
ഭാരത്ബയോടെക്കിന്റെ കോവാക്‌സിൻ, സൈഡസ് കാഡിലയുടെ സൈകോവ് ഡി എന്നിവക്കാണ് കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ)യുടെ അനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ, കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിൽ സൈകോവ് ഡി ഉൾപ്പെടുത്തിയില്ല.