Listen live radio

സോളാര്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന സൗര പുരപ്പുറ സോളാര്‍ ഫേസ് ഒന്ന് പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ സോളാര്‍ പ്ലാന്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച 30 കിലോ വാട്ട് ശേഷിയുള്ള നിലയത്തിന്റെ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. 12,72,112 രൂപയാണ് നിലയത്തിന്റെ നിര്‍മ്മാണ ചെലവ്. നിലയത്തില്‍ നിന്ന് ഒരു മാസത്തില്‍ ശരാശരി 3600 യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസില്‍ നിര്‍മ്മിച്ച 10 കിലോ വാട്ട് ശേഷിയുള്ള നിലയത്തിന്റെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രേണുക നിര്‍വ്വഹിച്ചു. 4,82,434 രൂപ ചെലവില്‍ നിര്‍മ്മിച്ച നിലയത്തില്‍ നിന്ന് 1200 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അമ്മായിപ്പാലം കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ സ്ഥാപിച്ച 28 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രേമേഷ് നിര്‍വ്വഹിച്ചു. 11,87,304 രൂപയാണ് നിര്‍മ്മാണ ചെലവ്. 3360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കും.

ടാറ്റാ പവര്‍ സോളാര്‍ കമ്പനിയാണ് ജില്ലയിലെ സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രതിമാസം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനമാണ് പദ്ധതി പ്രകാരം ഉപഭോക്താവിന് സൗജന്യമായി ലഭിക്കുക. സംസ്ഥാനത്താകെ ലഭിച്ച 2,72,000 അപേക്ഷകളില്‍ നിന്ന് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തെരഞ്ഞെടുത്ത 42,000 ത്തില്‍ പരം ഉപഭോക്താക്കള്‍ക്കാണ് സോളാര്‍ പ്ലാന്റ് നിര്‍മ്മിച്ച് നല്‍കുന്നത്.

Leave A Reply

Your email address will not be published.