Listen live radio

പാർട്ടി സമ്മേളനത്തിലെ ‘കൂട്ട തിരുവാതിര’; പൊലീസ് കേസെടുത്തു

after post image
0

- Advertisement -

തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. പൊതു സമ്മേളനങ്ങൾക്ക് പരമാവധി 150 പേരെമാത്രം പങ്കെടുപ്പിക്കണമെന്ന ആരോഗ്യവകുപ്പിൻറെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ചടങ്ങ് നടന്നത്. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കെയാണ് കൂടിച്ചേരലിന് സിപിഎംതന്നെ വേദിയൊരുക്കുന്നത്.

മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻറെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. കൊവിഡ് കേസുകൾ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആൾകൂട്ടങ്ങൾ നിയന്ത്രിക്കാനായി സർക്കാർ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

Leave A Reply

Your email address will not be published.