Listen live radio
- Advertisement -
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രീ മണ്‍സൂണ്‍ പരിശോധനയും വെരിഫിക്കേഷനും ജില്ലാ ആര്.ടി.ഒ യുടെ നേതൃത്വത്തില്‍ മേയ് 25, 26 തീയ്യതികളില്‍ നടക്കും. കല്‍പ്പറ്റ എം.സി.എഫ് സ്കൂള്‍ പരിസരത്ത് നടക്കുന്ന വാഹന പരിശോധനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ ഹാജരാക്കണം. പരിശോധനയ്ക്ക് വിധേയമാക്കി വെരിഫിക്കേഷന് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിക്കുക. സര്‍ക്കാരിന്റെ മാര്‍നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് സ്റ്റിക്കര്‍ അനുവദിക്കുക. ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആര്.ടി.ഓഫീസ് പുറത്തിറക്കി. എല്ലാ സ്കൂള്‍ ബസ്സുകളിലും ജി.പി.എസ് സംവിധാനം ഘടിപ്പിക്കേണ്ടതും സുരക്ഷാ മിത്രാ സോഫ്ട് വെയറുമായി ടാഗ് ചെയ്യേണ്ടതുമാണ്. സ്കൂള്‍ ബസ്സ് ഡ്രൈവര്‍ക്ക് ചുരുങ്ങിയത് പത്ത് വര്‍ഷം പ്രവൃത്തി പരിചയം ആവശ്യമാണ്. ഇതില്‍ അഞ്ചുവര്‍ഷം ഹെവി വാഹനം ഓടിച്ചിട്ടുള്ളതുമാകണം. സ്കൂള്‍ ബസ്സ് ഡ്രൈവറായി നിയോഗിക്കപ്പെട്ടവര്‍ മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടകരമായും അമിതവേഗത്തിലോ വാഹനം ഓടിച്ചതിനോ മറ്റു കുറ്റ കൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരോ ആവരുത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ നിരീക്ഷിക്കുന്നതിന് ഓരോ വാഹനത്തിലും ഒരു ജീവനക്കാരനെ വീതം റൂട്ട് ഓഫീസറായി സ്ഥാപനം നിയോഗിക്കേണ്ടതാണ്. വാഹനങ്ങളുടെ വാതിലുകളുടെ എണ്ണം അനുസരിച്ച് ഡോര്‍ അറ്റന്ഡര്മര് ഉണ്ടായിരിക്കണം.ഇത്തരത്തിലുള്ള മുപ്പതിലധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങളുടെ സര്‍വീസുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ളത്. യോഗ്യത മാനദണ്ഡങ്ങള്‍ പാലിച്ച ഡ്രൈവര്‍മാര്‍ക്ക് ജൂണ്‍ 30 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ സുരക്ഷാ പരിശീലന ക്ലാസ്സ് നടത്തും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സേഫ് ഡ്രൈവര്‍ കാര്‍ഡ് നല്‍കും. ഈ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാര്‍ത്ഥികളെ കയറ്റുന്നതിനുള്ള വാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. എല്ലാ വിദ്യാലയങ്ങളിലെയും സേഫ്ടി ഓഫീസര്‍മാര്‍ക്കായി ജൂണ്‍ 4 ന് ആര്.ടി.ഒ ഹാളില്‍ പരിശീലനം നല്‍കും. അപകട രഹിത അധ്യയനവര്‍ഷത്തിനായി വിദ്യാഭ്യാസ സ്ഥാപന അധികൃതരുടെയും ഡ്രൈവര്‍മാരുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്ന് ആര്.ടി.ഒ അറിയിച്ചു. ഫോണ്‍ 9188961574, 9188961929