Listen live radio

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയുന്നത് എന്തു തെളിവിന്റെ അടിസ്ഥാനത്തില്‍? : വി ഡി സതീശന്‍

after post image
0

- Advertisement -

തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആക്രമണം യുഡിഎഫ് ആണെന്ന് പറയുന്നു. ചുമ്മാ പറയുകയാണ്.  നേരത്തെ തയ്യാറാക്കി വെച്ച പ്രസ്താവനയാകാം ഇതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎം കോണ്‍ഗ്രസിന് മേല്‍ ആരോപണം ഉന്നയിക്കുന്നത്?. മുമ്പ് കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് അക്രമം അഴിച്ചു വിട്ടത്. അതിന് കൃത്യമായ തെളിവുകളുണ്ട്. എന്നാല്‍ എകെജി സെന്ററിന് നേര്‍ക്കുണ്ടായ അക്രമം ആരാണ് ചെയ്തത് എന്ന് ഒരാള്‍ക്കും കൃത്യമായ അറിവില്ല. അറിയാതെ കോണ്‍ഗ്രസ് ആണ് യുഡിഎഫ് ആണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളതെന്ന് സതീശന്‍ ചോദിച്ചു.

ഇത് ശരിയായ രീതിയല്ല. കഴിഞ്ഞ ഒരുമാസത്തിനിടെ 40-42 കോണ്‍ഗ്രസ് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. നാല് ഓഫീസിന് ബോംബെറിഞ്ഞു. അഞ്ച് ഓഫീസ് കത്തിച്ചു. പയ്യന്നൂരിലെ ഗാന്ധി മന്ദിരം തകര്‍ത്തു. കഴിഞ്ഞ ഒരുമാസത്തിനിടെ സിപിഎം സംസ്ഥാനത്തുടനീളം വ്യാപക അക്രമം അഴിച്ചു വിടുന്നത് ഇത് മൂന്നാമത്തെ റൗണ്ടാണ്. ആക്രമണം പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുന്നതിന് മുമ്പ് കുറ്റവാളി കോണ്‍ഗ്രസാണ്, യുഡിഎഫാണ് എന്നു തീരുമാനിക്കുന്നത് ശരിയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ഇപ്പോഴുള്ള സമരത്തിന്റെ ഫോക്കസ് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ അതില്‍ നിന്നും വഴിമാറ്റി പോകണമെന്ന് പ്രതിപക്ഷം ഒരിക്കലും ആഗ്രഹിക്കില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. ആക്രമണത്തില്‍ ഒരു പങ്കും കോണ്‍ഗ്രസിനില്ല. രാഹുല്‍ഗാന്ധി വരുന്ന ഈ ദിവസം തന്നെ, അതും പ്രത്യേകം റിക്വസ്റ്റ് നടത്തി അസംബ്ലി വരെ മാറ്റിവെച്ച ദിവസം കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് നേര്‍ക്ക് ബോംബ് എറിയുമെന്ന് സാമാന്യബുദ്ധിയുള്ള ഒരു മലയാളിയും വിശ്വസിക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണത്തില്‍ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഈ തിരക്കഥയ്ക്ക് പിന്നില്‍ ഇപി ജയരാജനാണ്. സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പങ്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.