Listen live radio

കനത്ത മഴയിൽ മുതിരേരി താത്കാലിക പാലം വെള്ളത്തിലായി

after post image
0

- Advertisement -

കുളത്താട: കനത്ത മഴയിൽ മുതിരേരി താത്കാലിക പാലം വെള്ളത്തിലായി. പാലത്തിൻ്റെ ഒരു ഭാഗത്ത് ശക്തിയായി വെള്ളം ഒഴുകുന്നതിനാൽ ഇതിലൂടെ പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാതെയായി. അപകടാവസ്ഥയിലായ ഈ പാലം വീണ്ടും തകരാനുള്ള സാധ്യത നിലനിൽക്കുകയാണ്. ഇതോടെ യാത്രാദുരിതം നേരിടുകയാണ് ജനങ്ങൾ. മാനന്തവാടി – വിമലനഗർ – കുളത്താട – വാളാട് – പേര്യ റോഡ് നവീകരണത്തിൻ്റെ ഭാഗമായാണ് മുമ്പുണ്ടായിരുന്ന പാലം പൊളിച്ച് താത്കാലിക പാലം നിർമിച്ചത്. മണൽച്ചാക്കും, മണ്ണും, പൈപ്പും മറ്റും ഉപയോഗിച്ചാണ് താത്കാലിക പാലം നിർമിച്ചിരുന്നത്. എന്നാൽ ശക്തമായ മഴയിൽ മുമ്പ് ഈ താത്കാലിക പാലം രണ്ടു തവണ തകർന്നിരുന്നു. പ്രദേശവാസികൾ പ്രതിഷേധമുയർത്തിയതോടെ പിന്നീട് വീണ്ടും അധികൃതർ താത്കാലിക ഇവിടെ പാലം നിർമിക്കുകയായിരുന്നു. കുളത്താട, പോരൂർ യവനാർകുളം, ഒരപ്പ്, ആറോല എന്നീ പ്രദേശങ്ങളിലുള്ളവരാണ് ഈ താത്കാലിക പാലത്തിൽ വെള്ളം കയറിയതോടെ ഇപ്പോൾ വലഞ്ഞത്. മുതിരേരി ഗവ.എൽപി, യു.പി സ്കൂൾ, യവനാർകുളം ബദനി സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇവിടെയുള്ളവർക്ക് തലപ്പുഴ, മാനന്തവാടി എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ മൂന്നു കിലോമീറ്ററിലധികം ചുറ്റിക്കറങ്ങി യാത്ര ചെയ്യേണ്ട ചെയ്യണം. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് മുതിരേരിപാലം പൊളിച്ചതെന്നും ജനങ്ങളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും ഇടപ്പെടണമെന്നും ആവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി.ഉബൈദുള്ള പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സബ് ജഡ്ജ് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി വേണ്ട നിർദ്ദേശം നൽകിയെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മുതിരേരിയിലെ താത്കാലിക പാലത്തിന് സമീപത്ത് തന്നെ നിർമിക്കുന്ന പുതിയ പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല.

Leave A Reply

Your email address will not be published.