Listen live radio

ഇഡിയുടെ വിശാല അധികാരം: പുനഃപരിശോധനാഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

after post image
0

- Advertisement -

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച് പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച് കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ആണ് പുനഃപരിശോധനാ ഹർജി നൽകിയത്.

 

ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരാണ്  ബെഞ്ചിൽ ഉള്ള മറ്റു ജഡ്ജിമാർ. കേസിൽ വിധി പ്രസ്താവിച്ച ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ ബെഞ്ചിൻ്റെ ഭാഗമാകുന്നത്. അടുത്ത ദിവസം ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കാനിരിക്കേ, ഹര്‍ജിയില്‍ സുപ്രധാന വിധി ഉണ്ടാവുമോ എന്നാണ് നിയമവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

ഇഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളില്‍ കഴിഞ്ഞമാസമാണ് ഇഡിക്ക് അനുകൂലമായ നിലപാട് സുപ്രീംകോടതി വ്യക്തമാക്കിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരവും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. 242 ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു ഭൂരിഭാഗം ഹര്‍ജികളും.

കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇഡി ഓഫീസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാല്‍ ഇവര്‍ സെക്ഷന്‍ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.
എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) എഫ്‌ഐആറിന് സമമല്ലെന്നും ഇത് ഇഡിയുടെ ഇന്റേണല്‍ ഡോക്യുമെന്റ് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആറുമായി ബന്ധപ്പെട്ട സിആര്‍പിസി വ്യവസ്ഥകള്‍ ഇസിഐആറിന് ബാധകമല്ല. കേസില്‍ പ്രതി ചേര്‍ത്തയാള്‍ക്ക് ഇസിഐആര്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ വ്യക്തികള്‍ക്ക് കോടതിയെ സമീപിച്ച് ഇത് ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Leave A Reply

Your email address will not be published.