Listen live radio

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സുതാര്യതയില്‍ ഉത്കണ്ഠ; വോട്ടര്‍ പട്ടിക പുറത്തുവിടണം; തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാര്‍

after post image
0

- Advertisement -

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രിക്കാണ് കത്തയച്ചത്.

 

ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഈ മാസം ആറിനാണ് ഇവര്‍ മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചത്.

തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും, വോട്ടവകാശം ഉള്ളവര്‍ക്കും നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഇടപെടല്‍ നടന്നത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല ആവശ്യപ്പെടുന്നത്. നാമനിർദേശ പ്രക്രീയകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ, ഇലക്ടറൽ കോളജിൽ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ഇതുവഴി  ആരൊക്കെയാണ് നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാനാകും.

വോട്ടവകാശം ഉള്ളവരും സ്ഥാനാർത്ഥികളാകാൻ ഇരിക്കുന്നവരും അതു പരിശോധിക്കാൻ പിസിസികളിലേക്ക് പോകണമെന്നത് ഉചിതമല്ല.  ഈ ആവശ്യം അംഗീകരിച്ചാൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ഉത്കണ്ഠ അവസാനിക്കുമെന്നും എംപിമാർ കത്തിൽ പറയുന്നു. കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം 22 ന് പുറപ്പെടുവിക്കും. 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്.

Leave A Reply

Your email address will not be published.