Listen live radio
- Advertisement -
ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. നേരത്തെ കേരളത്തിലെ യാത്രയിൽ പ്രിയങ്ക പങ്കെടുക്കുമെന്നായിരുന്നു വിവരം. എന്നാൽ പിന്നീടത് മാറ്റുകയായിരുന്നു.
യാത്രയ്ക്ക് ആവേശം പകർന്ന് സോണിയാ ഗാന്ധിയും പദയാത്രയിൽ പങ്കെടുത്തു. കർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര. തിങ്കളാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ മൈസൂരുവിൽ എത്തിയത്. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം പദയാത്ര മാണ്ഡ്യയിൽ നിന്ന് ആരംഭിച്ചപ്പോൾ സോണിയയും അണിചേർന്നു. വൻ ജനക്കൂട്ടമാണ് സോണിയ പങ്കെടുക്കുന്ന യാത്രയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.