Listen live radio

കോവിഡ് കാലത്ത് രക്ഷകരായി എത്തി, അഭിഭാഷകൻ ചമഞ്ഞ് ദമ്പതികളിൽ നിന്ന് 70 ലക്ഷം തട്ടി; അറസ്റ്റ്

after post image
0

- Advertisement -

തിരുവനന്തപുരം; അഭിഭാഷകൻ ചമഞ്ഞ് പ്രവാസി ദമ്പതികളിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കർദാസ്, ഇയാളുടെ കൂട്ടാളി കൈതമുക്ക് പാൽക്കുളങ്ങര സ്വദേശിനി അരുണ പാർവതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കോവിഡ് കാലത്ത് രക്ഷകരായി അടുത്തുകൂടിയ ഇവർ ആനത്തലവട്ടം സ്വദേശിയായ യുവതിയെയും ഭർത്താവിനേയും തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.

 

ഭർത്താവിനൊപ്പം വിദേശത്തായിരുന്ന പരാതിക്കാരി കോവിഡ് വ്യാപനത്തെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ആ സമയത്ത് എട്ടു മാസം ഗർഭിണിയായിരുന്നു. യുവതി ക്വാറൻറ്റീൻ ലംഘിച്ചെന്നാരോപിച്ച് അയൽക്കാരും നാട്ടുകാരും ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് യുവതിയുടെ ഭർത്താവ് ഇതുസംബന്ധിച്ച് ഫെയ്‌സ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ഇതു കണ്ട് കേസ് വാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ അടുത്തുകൂടുന്നത്.

പിന്നീട് കേസ് കോടതിയിൽ പരാജയപ്പെട്ടതിനാൽ ഹൈക്കോടതിയിൽ കേസ് നടത്തണമെന്നു പറഞ്ഞ് പണം കൈപ്പറ്റി. കൂടാതെ വിസ തട്ടിപ്പ് കേസിൽ ഭർത്താവും ഉൾപ്പെട്ടിട്ടുണ്ടെന്ന വ്യാജ കോടതിരേഖ കാണിച്ച ശേഷം ഈ കേസ് വാദിക്കുന്നതിനും പണം കൈപ്പറ്റി. 2020 ഓഗസ്റ്റ് മാസം മുതൽ 2022 സെപ്റ്റംബർ മാസം വരെയുള്ള കാലയളവിലായി പലപ്പോഴായി 70 ലക്ഷത്തോളം രൂപ കൈക്കലാക്കുകയായിരുന്നു.

വസ്തുവകകൾ വിറ്റും സ്വർണം പണയംവച്ചുമണ് ദമ്പതിമാർ പണം നൽകിയത്. തട്ടിപ്പു മനസ്സിലാക്കിയ ഇവർ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നാണ് ചിറയിൻകീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അരുണ പാർവതിയോടൊപ്പം അഭിഭാഷകൻ ചമഞ്ഞ് ശങ്കർദാസ് വിവിധയിടങ്ങളിൽ മാറിമാറി താമസിച്ചാണ് തട്ടിപ്പുനടത്തിയത്. സുഭാഷ്, വിഷ്ണു, കൈലാസ് എന്നീ പേരുകളിലും ശങ്കർദാസ് അറിയപ്പെടുന്നുണ്ട്.വ്യാജരേഖയുണ്ടാക്കി മറ്റുള്ളവരുടെ പേരിൽ വായ്പയെടുത്ത് വാഹനങ്ങളും ഇവർ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾ മറ്റു ജില്ലകളിലും സമാനരീതിയിൽ തട്ടിപ്പുനടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.