Listen live radio
സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (unique building number) നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫര്‍മേഷൻ കേരളാ മിഷന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പില്‍ നടപടി നിര്‍ണായ പങ്ക് വഹിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതോടെ, എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറില്‍ വ്യത്യാസം വരുന്നത്, കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കൂടുതല്‍ സുതാര്യവും ഫലപ്രദവുമായ നടപടിക്രമത്തിനും സംവിധാനം വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിലവില്‍ സഞ്ചയാ സോഫ്റ്റ് വെയര്‍ വഴിയാണ് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നത്. വാര്‍ഡ് നമ്പര്‍, ഡോര്‍ നമ്പര്‍, സബ് നമ്പര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്പര്‍. വീടുകള്‍ക്ക് നമ്പര്‍ ഇടുന്ന സമയത്ത് തന്നെ യൂണീക് ബില്‍ഡിംഗ് നമ്പറും സഞ്ചയ സോഫ്റ്റ് വെയറില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ നമ്പറിനൊപ്പം, യുണീക് നമ്പറും ലഭ്യമാക്കാനുള്ള നടപടികള്‍ ഐകെഎം സ്വീകരിക്കും. വസ്തുനികുതിയുടെ ഡിമാൻഡ് രജിസ്റ്റര്‍ തയ്യാറാക്കുമ്പോളും, ഡിമാൻഡ് നോട്ടീസിനൊപ്പവും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനൊപ്പവും, കെട്ടിട നികുതി അടയ്ക്കുമ്പോളുമെല്ലാം സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.