Listen live radio
കല്‍പ്പറ്റ :പോലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടയില്‍ പത്തോളമാളുകള്‍ സംഘം ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, ചവിട്ടുകയും, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും, ദേശീയ പാതയില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. ഇതിനെ തുടര്‍ന്ന് 7 പേരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മണിയങ്കോട് ഓടമ്പം വീട്ടില്‍ വിഷ്ണു (27), ഇഷ്ടികപൊയില്‍ പ്രവീണ്‍കുമാര്‍ (23), നെടുങ്ങോട്വ യല്‍ അരുണ്‍ (25), വാക്കേല് വീട്ടില്‍ വിഘ്നേഷ് (24), അരുണ്‍ നിവാസില്‍ അരുണ്‍ (30) , പുത്തൂര്‍വയല്‍ ഒഴുക്കുന്നത്ത് കാട്ടില്‍ അഭിലാഷ് (34), താഴെ മുട്ടില്‍ ശ്രീനിക വീട്ടില്‍ ശ്രീരാഗ് (26) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം അര്‍ധരാത്രി കല്‍പ്പറ്റ ചുങ്കം ജങ്ഷനില്‍ വെച്ചാണ് സംഭവം.
പത്തോളം ആളുകള്‍ പോലീസ് വാഹനത്തിന്റെ ഫോട്ടോയെടുത്ത് മേല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പറഞ്ഞ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരോട് തട്ടിക്കയറുകയും ഇനി വാഹനം അവിടുന്ന് എടുക്കാന്‍ സമ്മതിക്കില്ല എന്നും പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതികള്‍ക്കെതിരെ അന്യായമായി സംഘം ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.