Listen live radio
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങൾ, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ. ശാന്തിനിയെ നിയോഗിച്ചു.
വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ് പി മാരായ കെ ഇ ബൈജു, കെ കെ അജി എന്നിവരുടെ സേവനം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകാൻ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന് നിർദ്ദേശം നൽകി.
തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ലാൽജിയാണ് സംഘത്തലവൻ. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ബി അനിൽകുമാർ , തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എ സി പി ജെ.കെ. ദിനിൽ , തിരുവനന്തപുരം റൂറൽ നർക്കോട്ടിക് ഡിവൈ എസ് പി വി.റ്റി. രാസിത്ത്, കഴക്കൂട്ടം എ സി പി സി എസ് ഹരി എന്നിവരാണ് സംഘാംഗങ്ങൾ. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഇൻസ്പെക്ടർമാരെ വരെയുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്താൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് അനുമതി നൽകിയിട്ടുണ്ട്.