Listen live radio
തിരുവനന്തപുരം. പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കാണ് പുരസ്കാരങ്ങൾ നൽകുക.
എംടി വാസുദേവൻ നായർ കേരള ജ്യോതി പുരസ്കാരം ഏറ്റുവാങ്ങും. ഓംചേരി എൻഎൻ പിള്ള, ടി മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭയും ഏറ്റുവാങ്ങും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള എന്നിവർ കേരള ശ്രീ പുരസ്കാരത്തിനും അർഹരായി. കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വർഷത്തിൽ രണ്ട് പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ച് പേർക്കുമാണ് നൽകുന്നത്.