Listen live radio
- Advertisement -
പത്തനംതിട്ട: പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പിന്നീട് ആഴിയിൽ അഗ്നി പകരും. തുടർന്ന് ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. ഇന്ന് പൂജകളൊന്നും ഉണ്ടാകില്ല.
തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകീട്ട് മുളപൂജ നടക്കും. 29 മുതൽ പള്ളിവേട്ട ദിനമായ ഏപ്രിൽ നാല് വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതൽ ഏപ്രിൽ നാല് വരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രിൽ അഞ്ചിന് പമ്പയിൽ ആറാട്ട്. ഈ സമയം ഭക്തർക്ക് പറവെക്കാം. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി കൊടിയിറക്കിന് ശേഷം ഹരിവരാസനം പാടി നടയടയ്ക്കും.
ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോർഡിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.
വിവിധയിടങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസുകളുമുണ്ടാകും. നിലയ്ക്കൽ- പമ്പ റൂട്ടിൽ ചെയിൻ സർവീസിനായും ബസുകളെത്തും.