Listen live radio

ദുരന്ത നിവാരണം: മുന്നൊരുക്കം നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി

after post image
0

- Advertisement -

മഴക്കാല കെടുതികള്‍ നേരിടുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം നടത്തുന്നതിനും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശം നല്‍കി. കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം ശക്തി പ്രാപിച്ചാലുണ്ടാവാന്‍ സാധ്യതയുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കൃഷിനാശം, ഗതാഗത തടസ്സം, മരം വീണുള്ള അപകടങ്ങള്‍ എന്നിവ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. വിവിധ വകുപ്പുകളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തണം. റോഡിലേക്കും വീടുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുകളിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന അപകട ഭീഷണിയുള്ള മുഴുവന്‍ മരങ്ങളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ മുറിച്ച് മാറ്റണം. തദ്ദേശ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഉരുള്‍ പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കാലവര്‍ഷവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ദുരന്ത നിവാരണ വിഭാഗവും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും വേണം. പൊതു സ്ഥലത്തും സ്വകാര്യ സ്ഥലത്തും സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ അപകട ഭീഷണിയുള്ളതാണെങ്കില്‍ അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാലപ്പഴക്കം ചെന്നതും മതിയായ രേഖകളില്ലാത്തതും കാര്യക്ഷമതയില്ലാത്തതുമായ വാഹനങ്ങള്‍ സ്‌കൂള്‍ ആവശ്യത്തിന് സര്‍വീസ് നടത്തുന്നില്ല എന്ന് സ്ഥാപന മേധാവിയും മാനേജ്‌മെന്റും പി.ടി.എ യും ഉറപ്പ് വരുത്തണം. കുട്ടികളെ കുത്തി നിറച്ച് സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തരുത്. സ്‌കൂളുകളില്‍ പാചകത്തിനും കുട്ടികള്‍ കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ലാബുകളില്‍ പരിശോധിച്ച് ഉപയോഗയോഗ്യമാണന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വരികയാണെങ്കില്‍ അതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തണം. ഇവിടെ ആവശ്യത്തിന് ടോയ്‌ലറ്റ്, വൈദ്യുതി, കുടിവെള്ളം മറ്റു അടിസഥാന സൗകര്യങ്ങള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
വെള്ളപ്പൊക്ക സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ആളുകളെ മാറ്റുന്നതിനും ആവശ്യമായ ബോട്ടുകള്‍ തയ്യാറാക്കി വെയ്ക്കണം. ഇതിനായി ടൂറിസം വകുപ്പ് ആവശ്യമായ സഹായങ്ങള്‍ ചെയ്യണം. ജില്ലാ – താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ ഇതിന് നേതൃത്വം നല്‍കണം. ദേശീയ പാതകളിലുള്ള അപകട ഭീഷണിയുള്ള മരങ്ങള്‍ അധികൃതര്‍ മുറിച്ച് മാറ്റണം. കൃഷിനാശം, മറ്റ് അപകടങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ തുടര്‍നടപടി സ്വീകരിക്കുകയും തീരുമാനങ്ങളെടുക്കുകയും വേണം. തദ്ദേശ സ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. ജില്ലാതല ഉദ്യോഗസ്ഥര്‍ കലക്റ്ററുടെ അനുമതിയില്ലാതെ ജില്ല വിട്ട് പോകരുത്. അത്യാവശ്യ സാഹചര്യങ്ങളില്‍ പോകേണ്ടി വരുമ്പോള്‍ പകരം ഉദ്യോഗസ്ഥരെ നിയമിക്കണം. ഇവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഡി.ഡി.എം.എ യ്ക്ക് നല്‍കണം. ഡാമുകളുടെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ വ്യാപകമായ മുന്നറിയിപ്പ് നല്‍കി പകല്‍ സമയത്ത് മാത്രമേ തുറക്കാവൂ എന്ന് കലക്റ്റര്‍ നിര്‍ദേശം നല്‍കി. ശക്തമായ മഴയുണ്ടാവുന്ന പക്ഷം നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കാല വര്‍ഷം ശക്തിപ്പെട്ടാല്‍ ജലാശയങ്ങളിലും നദികളിലും തോടുകളിലും കുളിക്കുന്നതും മീന്‍ പിടിക്കുന്നതും ഒഴിവാക്കണം. കുട്ടികളെ തനിച്ച് കളിക്കാനും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലേക്കും വിടരുത്. യഥാസമയം വരുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. അവ സ്വമേധയാ പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. ഓറഞ്ച് ബുക്കിലെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണം. എ.ഡി.എം. എന്‍.ഐ ഷാജു, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.