Listen live radio
മാനന്തവാടി : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണികേഷൻ വയനാട് ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല്ല പരിസ്ഥിതി വാരാചരണ ബോധവത്കരണ – പ്രദർശന പരിപാടികൾ തൊണ്ടർനാട് ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിബോധം പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുങ്ങേണ്ടത് അല്ലെന്നും എല്ലായിപ്പോഴും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. തൊണ്ടർനാട് ദോഹ പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന പരിപാടിയുടെ ബോധവത്കരണ ക്ളാസുകൾ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാലിന്യ ലഘൂകരണത്തെ കുറിച്ച് ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ അനൂപ് കെ. ക്ലാസ് എടുത്തു. ആസാദി കാ അമൃത് മഹോത്സവ് പ്രദർശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മനോരഞ്ജൻ ആർട്സ് അവതരിപ്പിക്കുന്ന കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗണേശൻ, ഫീൽഡ് പബ്ലിസിറ്റി ഓഫിസർ പ്രജിത്ത് കുമാർ എം. വി., തൊണ്ടർനാട് സി. ഡി. എസ്. ചെയ്യർപേഴ്സൺ ലത ഐ. സി. ഡി എസ്. സൂപ്പർവൈസർ സുജാത തുടങ്ങിയവർ സംബന്ധിച്ചു. തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിന്റെയും മാനന്തവാടി അഡീഷണൽ ഐസി. ഡി. എസ്. പ്രൊജക്റ്റിന്റെയും കുടുംബശ്രീ യുടെയും സഹകരണത്തോടെ നടത്തുന്ന ദ്വിദിന പ്രദർശന ബോധവത്കരണ പരിപാടി ഇന്ന് ( 3.6.23.) സമാപിക്കും