ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ത്രില്ലര്‍ പോരാട്ടം വിജയിച്ച് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ ടീമിനെ മുംബൈ നാല് വിക്കറ്റിനു തകര്‍ത്തു. മലയാളി താരം സജന സജീവനാണ് ഇന്നിങ്സിന്റെ അവസാന പന്ത് സിക്സര്‍ തൂക്കി ടീമിനു ത്രില്ലര്‍ ജയം സമ്മാനിച്ചത്.
അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. 20ാം ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പുറത്തായതോടെ ഡല്‍ഹി ജയം സ്വപ്നം കണ്ടു. അവസാന പന്ത് നേരിടാന്‍ എത്തിയത് സജനയും. അലിസ് കാപ്സി എറിഞ്ഞ പന്ത് സിക്സര്‍ പായിച്ച് മലയാളി താരം ടീമിനു ജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്. മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്താണ് ജയം പിടിച്ചത്.