Listen live radio
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ പ്രവര്‍ത്തനം ഊര്‍ജിതം. മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി 15 അംഗ ടീമാണ് വിവിധ സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ സെല്‍ ടിവി ചാനലുകള്‍, അച്ചടി മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും പരിശോധിക്കും. തെരഞ്ഞെടുപ്പ് ദിവസം വരെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും വിധമാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കുകയുംപത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുകയുമാണ് എം.സി.എം.സി സംവിധാനത്തിലൂടെ ചെയ്യുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹിക നവമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ-ഓഡിയോ പ്രദര്‍ശനം, ഇ-പേപ്പറുകള്‍, സാമൂഹിക മാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം. പോളിങ് ദിവസവും തൊട്ടു മുന്‍പുള്ള ദിവസവും അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കുന്ന പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. അംഗീകാരം ഇല്ലാതെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, എ.ഡി.എം കെ.ദേവകി, നോഡല്‍ ഓഫീസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ പി.റഷീദ് ബാബു, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.വി പ്രജിത്ത് കുമാര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് കുമാര്‍, സെക്രട്ടറി കെ നിസാം എന്നിങ്ങനെ ആറംഗ സമിതിയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്