- Advertisement -
ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഇറാന്‍ റെഡ് ക്രെസന്റ് സൊസൈറ്റി തലവന്‍ പിര്‍ ഹുസൈന്‍ കോലിവന്‍ഡ് അറിയിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അപകടത്തില്‍ മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. അതിശൈത്യത്തിലും മഞ്ഞുവീഴ്ചക്കുമിടയിലാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത്. കാല്‍നടയായാണ് മലഞ്ചെരുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസര്‍ബയ്ജാനുമായി ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു ഇബ്രാഹിം റെയ്‌സി.
ഹെലികോപ്റ്റർ അപകടത്തിൽ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ ഇബ്രാഹിം റെയ്സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടു. 1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗം ഉപമേധാവിയും പ്രോസിക്യൂട്ടർ ജനറലുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ലാണ് ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.മൂന്നു ഹെലികോപ്റ്ററുകള്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഹെലികോപ്റ്റർ കണ്ടതായി രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക ടിവി റിപ്പോർട്ട് ചെയ്തിരുന്നു. തുർക്കിയിൽ നിന്നെത്തിച്ച ഡ്രോണാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാണെന്നാണ് വിവരം.