ജില്ലയില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ പി. ദിനീഷ് അറിയിച്ചു. എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ എന്നിവയുടെ വിസര്‍ജ്ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരം, വെള്ളം ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുക, കളിക്കുക, കുളിക്കുക, കൈ കാലുകള്‍ മുഖം എന്നിവ കഴുകരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ജോലിചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ-തൊഴിലുറപ്പ് -ശുചീകരണ തൊഴിലാളികള്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡോക്‌സിസൈക്ലിന്‍ പ്രതിരോധ മരുന്ന് കഴിക്കണം. പ്രതിരോധ മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. രോഗ സാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കയ്യുറ, കാലുറ ധരിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ സംസ്‌ക്കരിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കണം. അവില്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ തയ്യാറാക്കി മാത്രം ഉപയോഗിക്കുക. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കച്ചവടക്കാര്‍ ശീതള പാനീയ കുപ്പികള്‍, പാക്കറ്റുകള്‍, കുടിവെള്ള കുപ്പികള്‍, മറ്റ് ഭക്ഷണ പാക്കറ്റുകള്‍ വൃത്തിയായി സൂക്ഷിച്ച് വില്‍പന നടത്തണം.
എലിപ്പനി രോഗലക്ഷണങ്ങള്‍
പനി, തലവേദന, പേശി വേദന, കണ്ണിന് മഞ്ഞ-ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറവ്, കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാല്‍ മരണം സംഭവിക്കാം. രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയുന്നവര്‍ക്ക് പനി അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുകയും ഡോക്ടറോട് ജോലി ചെയ്ത ഇടത്തെ കുറിച്ച് പറയുകയും വേണം. അസുഖ വിവരം അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. സ്വയം ചികിത്സ പാടില്ല. പൂര്‍ണ്ണമായ വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.