Listen live radio
കിങ്സ്റ്റന്‍: സ്വന്തം നാട്ടില്‍ അരങ്ങേറുന്ന ടി20 ലോകകപ്പിനായി തയ്യാറെടുക്കുന്ന മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനു വന്‍ ആത്മവിശ്വാസം നല്‍കി ടി20 പരമ്പര നേട്ടം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പോരില്‍ 2-0ത്തിനു ജയം പിടിച്ച് മുന്നില്‍. രണ്ടാം പോരില്‍ 16 റണ്‍സിന്റെ ത്രില്ലര്‍ ജയമാണ് വിന്‍ഡീസ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ അവസാനിപ്പിച്ചാണ് അവര്‍ ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കിയത്.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഗുഡാകേഷ് മോട്ടിയുടെ സ്പിന്നാണ് വിന്‍ഡീസ് ജയത്തിന്റെ നട്ടെല്ല്. താരം നാലോവറില്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്. റൊമാരിയോ ഷെഫേര്‍ഡും തിളങ്ങി. താരം നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
അകീല്‍ ഹുസൈന്‍, റോസ്റ്റന്‍ ചെയ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. റോസ്റ്റന്‍ ചെയ്‌സ് നാലോവറില്‍ 26 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ചെയ്‌സ് ബാറ്റിങിലും വിന്‍ഡീസിനായി തിളങ്ങി. ടോപ് സ്‌കോററും താരം തന്നെ.
ജയത്തിനായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്കക്കായി ക്വിന്റന്‍ ഡി കോക്ക് മാരക ബാറ്റിങുമായി കളം വാണു. താരം 17 പന്തില്‍ നാല് വീതം ഫോറും സിക്‌സും സഹിതം 41 റണ്‍സെടുത്തു. റീസ ഹെന്‍ഡ്രിക്‌സ് മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 18 പന്തില്‍ 34 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന ഓപ്പണിങ് സഖ്യം 5 ഓവറില്‍ 81 റണ്‍സെടുത്തിരുന്നു.
എന്നാല്‍ ഇരുവരും അടുത്തടുത്ത് മടങ്ങിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പിന്നില്‍ പോയി. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ റസി വാന്‍ ഡെര്‍ ഡുസനൊഴികെ മറ്റൊരാളും പിടിച്ചു നിന്നില്ല. താരം 22 പന്തില്‍ റണ്ട് സിക്‌സുകള്‍ സഹിതം 30 റണ്‍സെടുത്തെങ്കിലും ജയത്തിനു അതു മതിയായില്ല.
നേരത്തെ റോസ്റ്റന്‍ ചെയ്‌സ് പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയാണ് വിന്‍ഡീസ് സ്‌കോര്‍ 200 കടത്തിയത്. താരം 38 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 67 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബ്രെണ്ടന്‍ കിങ് 22 പന്തില്‍ 36 റണ്‍സും കെയ്ല്‍ മെയേഴ്‌സ് 16 പന്തില്‍ 32 റണ്‍സും അടിച്ചെടുത്തു.
ആന്ദ്രെ ഫ്‌ളെച്ചര്‍ (18 പന്തില്‍ 29), റൊമേരിയോ ഷെഫേര്‍ഡ് (13 പന്തില്‍ 26) എന്നിവരുടെ കൂറ്റനടികളും മികച്ച സ്‌കോറിലെത്താന്‍ കളമൊരുക്കു. ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ഷെഫേര്‍ഡ് എന്നിവര്‍ മൂന്ന് വീതം സിക്‌സുകള്‍ തൂക്കി. ഫ്‌ളെച്ചര്‍ രണ്ട് സിക്‌സടിച്ചു.
ദക്ഷിണാഫ്രിക്കക്കായി ലുന്‍ഗി എന്‍ഗിഡി, എന്‍ക്വാബയോംസി പീറ്റര്‍, അന്‍ഡില്‍ ഫെലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്യോന്‍ ഫോര്‍ട്യുന്‍ ഒരു വിക്കറ്റെടുത്തു.