Listen live radio

റാണിമാരുടെ റാണിയായി കജോൾ, ഒപ്പം പ്രഭുദേവയും; ആക്ഷൻ ത്രില്ലർ ‘മഹാരാജ്ഞി’ ടീസർ

after post image
0

- Advertisement -

27 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്നുവെന്ന വാർത്ത സിനിമ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മഹാരാജ്ഞി- ക്വീൻ ഓഫ് ക്വീൻസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.

പ്രഭുദേവയുടെ ആക്ഷൻ രം​ഗത്തിലൂടെയാണ് ടീസർ തുടങ്ങുന്നത്. സംയുക്ത മേനോൻ, കജോൾ, നസ്റുദ്ദീൻ ഷാ തുടങ്ങിയവരേയും ടീസറിൽ കാണാം. കജോളിന്റെ ആക്ഷൻ രം​ഗങ്ങളാണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്. തെലുങ്ക് സംവിധായകൻ ചരൺ തേജ് ഉപ്പളപതിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചരൺ തേജിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്.

നടൻ അജയ് ദേവ്​ഗൺ ആണ് ഇൻസ്റ്റ​ഗ്രാം പേജിലൂടെ ടീസർ പുറത്തുവിട്ടത്. ബവേജ സ്റ്റുഡിയോസിൻ്റെയും ഇ7 എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെയും ബാനറിൽ ഹർമൻ ബവേജ, വെങ്കട അനീഷ് ഡോറി​ഗില്ലു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ജിഷു സെൻ​ഗുപ്ത, ആദിത്യ സീൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

“കജോൾ, പ്രഭുദേവ, നസീർ സാർ, സംയുക്ത മേനോൻ, ജിഷു തുടങ്ങിയവരെല്ലാം ചേർന്ന് ഈ പ്രൊജക്ടിനെ ഉയരങ്ങളിലെത്തിച്ചു. അവരുടെ അഭിനയം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നതുവരെ തനിക്ക് കാത്തിരിക്കാനാകില്ല”- എന്ന് സംവിധായകൻ ചരൺ തേജ പറഞ്ഞു. “ബവേജ സ്റ്റുഡിയോസിൻ്റെ ഒരു സ്പെഷ്യൽ പ്രൊജക്ടാണിത്. വളരെ ശ്രദ്ധേയമായ കഥയാണിത്. ഇ7 എൻ്റർടെയ്ൻമെൻ്റ്‌സിനും കജോൾ, പ്രഭുദേവ, നസ്റുദ്ദീൻ ഷാ, സംയുക്ത തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ആവേശത്തിലാണ്.

കഴിവുകൊണ്ടും അഭിനയപാടവം കൊണ്ടും കജോൾ തന്നെയാണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യ. ശക്തമായ കഥകൾ പറയുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു, ഇത്തരം മികച്ചൊരു ടീമിനൊപ്പം ഈ പ്രൊജക്ട് പൂർത്തിയാക്കാനായതിൽ സന്തുഷ്ടനാണെന്ന് നിർമ്മാതാവ്” ഹർമൻ ബവേജ പറഞ്ഞു. “കഥ കേട്ടപ്പോൾ തന്നെ ജനങ്ങളിലേക്കെത്തേണ്ട ശക്തമായ ഒരു സന്ദേശം ഇതിലുണ്ടെന്ന് എനിക്കറിയാമായിരുന്നു.

ചരൺ തേജ് ഉപ്പളപതിയുടെ സംവിധാന മികവും അതുല്യ പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളും ഉള്ളതിനാൽ ഈ കഥ പ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന്” നിർമ്മാതാവ് വെങ്കട അനീഷും പറഞ്ഞു. 1997 ൽ പുറത്തിറങ്ങിയ മിൻസാര കനവ് ആയിരുന്നു പ്രഭുദേവയും കജോളും ഒന്നിച്ചെത്തിയ ചിത്രം. ഡോ പാട്ടി എന്ന ചിത്രമാണ് കജോളിന്റേതായി ഇനി വരാനുള്ള ചിത്രം. പൊലീസ് ഉദ്യോ​ഗസ്ഥയായാണ് കജോൾ ചിത്രത്തിലെത്തുക. കൃതി സനോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Leave A Reply

Your email address will not be published.