Listen live radio

‘കനി അഭിനയിച്ചില്ലെങ്കിലും ബിരിയാണി സിനിമ സംഭവിക്കുക തന്നെ ചെയ്യും; നിലനിൽപ്പാണ് പ്രധാനം’: അനുഭവം പറഞ്ഞ് ലാലി

after post image
0

- Advertisement -

ബിരിയാണി സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടിയാണെന്ന കനി കുസൃതിയുടെ തുറന്നു പറച്ചിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇപ്പോൾ നടി ലാലി പി എം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. നിലനിൽപ്പാണ് പ്രധാനം എന്നാണ് ലാലി കുറിച്ചത്. കനി ബിരിയാണിയിൽ അഭിനയിച്ചില്ലെങ്കിലും മറ്റൊരാൾ അഭിനയിച്ച് ബിരിയാണി സിനിമ സംഭവിക്കും എന്നും നടി കുറിച്ചു. തനിക്ക് സീരിയലിൽ അഭിനയിക്കാൻ വന്ന കഥാപാത്രത്തേക്കുറിച്ചും ലാലി പറഞ്ഞു.

ലാലിയുടെ കുറിപ്പ്

രണ്ടുവർഷം മുമ്പ് ഒരു സീരിയലിൽ അഭിനയിക്കാൻ ചാൻസ് വന്നിരുന്നു ഒരു മുഴുനീള കഥാപാത്രം. ഇപ്പോഴുള്ളസീരിയലുകളുടെ അതേ പാറ്റേണിൽ സ്ത്രീകളെ ഒന്നുകിൽ നന്മ മരങ്ങളും ദുർബലരുമായോ അതല്ലെങ്കിൽ അഹങ്കാരികളും കുശുമ്പികളുമായും ചിത്രീകരിക്കുന്നത് തന്നെയായിരുന്നു ആ സീരിയലും. പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരുന്ന ഒരു കൊറോണ കാലം. മാസം ഒരു തുക ശമ്പളം പോലെ കയ്യിൽ കിട്ടുന്നത് എന്തുകൊണ്ടും നല്ലതല്ലേ എന്നോർത്തെങ്കിലും ഇത്തരം ഒരു സീരിയലിൽ അഭിനയിക്കുന്നതിന്റെ ആശയപരമായ പ്രശ്നത്തെക്കുറിച്ച് കുറെ ചിന്തിച്ചു: അങ്ങനെ ചിന്തിച്ചിരിക്കെ എൻറെ അഭ്യുദയകാംക്ഷികളിൽ ഒരാൾ യാദൃഛികമായി എന്നെ ഫോണിൽ വിളിച്ചു. ഞാൻ അപ്പോൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നത്തെക്കുറിച്ച് സംസാരിച്ചു.

അപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. “നിലനിൽപ്പാണ് ലാലി പ്രധാനം. ലാലി ഇതിൽ അഭിനയിച്ചില്ലെങ്കിൽ ഈ സീരിയൽ നിന്നു പോകത്തൊന്നുമില്ല. നിങ്ങൾക്ക് പകരം മറ്റൊരു ലാലി അതേ സ്ഥാനത്ത് വരും . സീരിയൽ അങ്ങനെ തന്നെഅതേ കഥയുമായി മുന്നോട്ടു പോകും. എന്നാൽ നിങ്ങൾ അഭിനയരംഗത്ത് ഉണ്ടായാൽ, അതിൽ വളർച്ചയുണ്ടായാൽ, ഒരു കഥയിൽ ക്രിയാത്മകമായി ഇടപെടാനുള്ള സ്വാധീനം ഉണ്ടായാൽ പിന്നീട് നമുക്ക് അതേ പറ്റി ആലോചിക്കാമല്ലോ”

ഈ സംസാരം വളരെ റിലവന്റായി എനിക്ക് തോന്നി. ഞാൻ അതിനു വാക്കും കൊടുത്തു. ഭാഗ്യത്തിന് സീരിയൽ തുടങ്ങുന്ന അതേ സമയത്ത് തന്നെ എനിക്ക് ജിയോ ബേബിയുടെ ‘ഓൾഡേജ് ഹോമിൽ ‘ അഭിനയിക്കാനുള്ള അവസരം വരികയും സീരിയലുകാരോട് പത്ത് ദിവസത്തെ അവധി ചോദിച്ചെങ്കിലും അവർ തരാത്തത് കൊണ്ട് ഞാൻ അതിൽ നിന്ന് പിന്മാറുകയും ചെയ്തു.

കനി പറഞ്ഞതാണ് സത്യം. ഒരു സിനിമയിൽ അവസരം കിട്ടുമ്പോൾ അത് വേണ്ടെന്ന് വെക്കാനുള്ള പ്രിവിലേജ് ഉണ്ടാവുക പ്രധാനമാണ്. അവസരങ്ങളും സാമ്പത്തികവും ഒക്കെ നമ്മളെ അതിന് അനുവദിക്കുമെങ്കിൽ. കാരണം കനി ബിരിയാണിയിൽ അഭിനയിച്ചില്ലെങ്കിലും മറ്റൊരാൾ അഭിനയിച്ച് ബിരിയാണി സിനിമ സംഭവിക്കുക തന്നെ ചെയ്യും. നിലനിൽപ്പാണ് പ്രധാനം. ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം.

അതുകൊണ്ട് സ്കൂളിൽ പഠിച്ചതേ പറയാനുള്ളൂ….

” മനുഷ്യ് അപനി പരിസ്ഥിതി കാ ഗുലാം ഹേ ”

NB: സീരിയൽ കൂടുതൽ പിന്തിരിപ്പനായി ഇപ്പോഴും സംപ്രേഷണം നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.