Listen live radio
ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും.ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചതെന്നും തന്നെ ജയിപ്പിച്ച് വിട്ട തൃശൂര്‍ക്കാരോട് നന്ദി പറയുന്നതായും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പെട്രോളിയം രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനായി തന്റേതായ സംഭാവന നല്‍കാന്‍ ശ്രമിക്കും. ആദ്യം വിഷയം പഠിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യും. കൊല്ലം തീരത്ത് എണ്ണശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എണ്ണഖനന സാധ്യത പരിശോധിക്കും. തന്റെ ജന്മസ്ഥലമാണ് കൊല്ലമെന്നും സുരേഷ് ഗോപി പറഞ്ഞു.