ന്യൂഡല്‍ഹി: വയനാട്ടില്‍ പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ‘നാണമില്ലായ്മ എന്നൊന്നുണ്ട്, എന്നാല്‍ കോണ്‍ഗ്രസിന്റെ നാണമില്ലായ്മ അതൊന്നു വേറെ തന്നെ. ഒരു കുടുംബത്തിലെ ഓരോരുത്തരെയായി വയനാട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് വല്ലാത്തൊരു ഏര്‍പ്പാടാണ്’. രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
‘മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം വയനാട്ടുകാരില്‍ നിന്ന് ലജ്ജയില്ലാതെ രാഹുല്‍ഗാന്ധി മറച്ചു വെച്ചിരുന്നു. ഇത്തരത്തിലുള്ള വഞ്ചനയാണ് രാഹുല്‍ഗാന്ധിക്ക് കീഴില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും പരാജയപ്പെടാന്‍ കാരണമെന്നും’ രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിക്കുന്നു. റായ്ബറേലി നിലനിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയുന്നത്.
കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.