- Advertisement -
ലാസ് വെഗാസ്: കോപ്പ അമേരിക്കയില്‍ പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി ബ്രസീലിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍താരം വിനീസ്യൂസ് ജൂനിയറിന്റെ ഇരട്ടഗോളുകളാണ് ബ്രസീലിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.വിജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് ഡിയില്‍ കൊളംബിയയ്ക്കു പിന്നില്‍ രണ്ടാമതെത്തി.
പരാഗ്വയെക്കെതിരെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്രസീല്‍ തുടക്കം മുതല്‍ തന്നെ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ 30ന് മുന്നിലായിരുന്നു. ബ്രസീലിനായി 35, 45+5 മിനിറ്റുകളിലായിരുന്നു വിനീസ്യൂസിന്റെ ഗോളുകള്‍. പിന്നാലെ 43- ആം മിനിറ്റില്‍ സാവിയോയിലൂടെ രണ്ടാം ഗോളും.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരാഗ്വായ് തിരിച്ചടിച്ചു. 48 മിനിറ്റില്‍ പ്രതിരോധതാരം അല്‍ഡറേറ്റയാണ് ബോക്‌സിന് പുറത്തുനിന്നുള്ള ഉഗ്രന്‍ ഷോട്ടിലൂടെ വല കുലുക്കിയത്. 65 മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലൂക്കാസ് പക്വറ്റ മത്സരത്തില്‍ കാനറി പടയുടെ നാലാം ഗോളും നേടി.
ആന്ദ്രെസ് കുബാസ് 81ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ 10 പേരുമായാണ് പരാഗ്വായ് മത്സരം പൂര്‍ത്തിയാക്കിയത്. പരുക്കുമൂലം കളത്തിനു പുറത്തായ സൂപ്പര്‍താരം നെയ്മാറും ബ്രസീലിന്റെ മത്സരം കാണാനെത്തിയിരുന്നു.