മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ബിജെപി മുള്ളന്‍ കൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ ആദിവാസികള്‍ അടക്കമുള്ള രോഗികള്‍ വലിയ പ്രയാസം അനുഭവിക്കുകയാണ്. ആഴ്ചയില്‍ മൂന്നുദിവസം ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഡോക്ടര്‍ ഉണ്ടാകാറുള്ളത്. നിത്യേന നൂറുകണക്കിന് രോഗികള്‍ എത്തുമ്പോള്‍ അവരെ പരിശോധിക്കാന്‍ ഉള്ള ഡോക്ടര്‍ പാടുപെടുന്ന അവസ്ഥയാണ് ഉള്ളത്. കുടുംബരോഗ്യകേന്ദ്രമായി ആശുപത്രിയെ സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മഴക്കാലം ആയതിനാല്‍ പകര്‍ച്ചപനികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ ദുരിതത്തിലാണ്. ആശുപത്രിയുടെ ശോചനാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാന്‍ പഞ്ചായത്തോ ആശുപത്രി വികസന സമിതിയോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു.
ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് ഈവനിംഗ് ഓ പി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി രോഗികളുടെ ദുരിതം മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി മുള്ളന്‍ കൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജന്‍ പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സദാശിവന്‍ കളത്തില്‍, രഞ്ജിത് ഇടമല, സ്റ്റൈജന്‍ കെ ഡി, കുമാരന്‍ പൊയ്ക്കാട്ടില്‍, ബെന്നി കുളങ്ങര, സന്തോഷ് പി എന്‍, ജോബിഷ് മാവുടി, ബിന്ദു ജയകുമാര്‍, രജനി സജി എന്നിവര്‍ പ്രസംഗിച്ചു.