വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെയും വയനാടന്‍ ജനതയുടെയും സഹകരണം ഉണ്ടാവണമെന്നും കളക്ടര്‍ പറഞ്ഞു. ഔദ്യോഗിക ചുമതലയേല്‍ക്കാന്‍ കളക്ടറേറ്റില്‍ കുടുംബത്തോടൊപ്പമെത്തിയ ജില്ലാ കളക്ടറെ എ.ഡി.എം കെ. ദേവകി സ്വീകരിച്ചു. 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര്‍ മേഘശ്രീ കര്‍ണ്ണാടക ചിത്രദുര്‍ഗ്ഗ സ്വദേശിനിയാണ്. കാഞ്ഞങ്ങാട് സബ് കളക്ടര്‍, കണ്ണൂര്‍ ജില്ലാ വികസന കമ്മീഷണര്‍, സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ വിക്രം സിംഹയാണ് ഭര്‍ത്താവ്. ആറ് വയസ്സുകാരി വിസ്മയ, നാല് വയസ്സുകാരി ധൃതി എന്നിവര്‍ മക്കളാണ്. നിലവിലെ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.ആര്‍ മേഘശ്രീ ജില്ലാ കളക്ടര്‍ ചുമതലയേറ്റത്.