- Advertisement -
ബത്തേരി: കാരാപ്പുഴ നെല്ലാറച്ചാലില്‍ മീന്‍ വിളവെടുപ്പ് തുടങ്ങി. ഫിഷറീസ് വകുപ്പ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ജലസംഭരണികളില്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കിയ കൂട് മത്സ്യക്കൃഷി വിളവെടുപ്പാണ് ആരംഭിച്ചത്. ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യത്തിന്റെ വിളവെടുപ്പാണ് നടക്കുന്നത്.
നെല്ലാറച്ചാലില്‍ കാരാപ്പുഴ റിസര്‍വോയര്‍ എസ്സി-എസ്ടി ഫിഷറീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കൂട് മത്സ്യകൃഷി നടത്തുന്നത്. മൂപ്പൈനാട്, മേപ്പാടി, അമ്പലവയല്‍, മുട്ടില്‍ പഞ്ചായത്തുകളില്‍നിന്നുള്ള 100 ഓളം പേര്‍ സൊസൈറ്റി അംഗങ്ങളാണ്. മത്സ്യക്കൃഷിയില്‍ ഇവര്‍ക്കു പരിശീലനം ലഭിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറ് കൂടാണ് റിസര്‍വോയറില്‍ സ്ഥാപിച്ചത്. വാള, കല്ലേല്‍മുട്ടി എന്നീ ഇനങ്ങളും കൂടുകളില്‍ കൃഷി ചെയ്യുന്നുണ്ട്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലുള്ളതാണ് കൂടുകള്‍.ഒരു ടണ്ണോളം മീന്‍ വില്‍പ്പനയ്ക്കു തയാറായതായി സൊസൈറ്റി സെക്രട്ടറി എം.ഡി. ധനേഷ് പറഞ്ഞു.
കിലോഗ്രാമിനു 200 രൂപ നിരക്കിലാണ് ഗിഫ്റ്റ് തിലോപ്പിയ ചില്ലറ വില്‍പ്പന. മൊത്തക്കച്ചവടക്കാര്‍ക്ക് 150 രൂപ നിരക്കിലാണ് നില്‍കുന്നത്. തൊഴിലവസരം വര്‍ധിപ്പിക്കുകയും കൂട് മത്സ്യക്കൃഷി പദ്ധതി ലക്ഷ്യമാണ്. സൊസൈറ്റി അംഗങ്ങള്‍ മത്സ്യവിപണനത്തില്‍ സജീവമാണ്. ആവശ്യക്കാരെ കണ്ടെത്തി ദിവസം 20 കിലോഗ്രാം വരെ വില്‍ക്കുന്നവരുണ്ട്. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ പ്രകാരം മത്സ്യം എത്തിക്കുന്നതിനു നീക്കം സൊസൈറ്റി നടത്തിവരികയാണ്. വനിതാ അംഗങ്ങളുടെ സഹകരണത്തോടെ മീന്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കി വിപണിയില്‍ എത്തിക്കാന്‍ ആലോചനയുണ്ട്. 2021 ഏപ്രിലിലാണ് നെല്ലാറച്ചാലില്‍ കൂട് മത്സ്യക്കൃഷി തുടങ്ങിയത്.