കാട്ടാനായുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കല്ലൂര്‍ മാറോട് രാജുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വനംവകുപ്പില്‍ നിന്നും ലഭ്യമാക്കും. ഒരു ലക്ഷം രൂപ ഇന്‍ഷൂറന്‍സ് തുകയും ഇതോടൊപ്പം അനുവദിക്കും. രാജുവിന്റെ വീടിന്റെ നിര്‍മ്മാണം പട്ടികവര്‍ഗ്ഗവികസന വകുപ്പ് ഏറ്റെടുത്ത് നടത്തും. മാറോട് കോളനിയിലേക്കുള്ള റോഡ് പുതുക്കി പണിയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി എസ്റ്റിമേറ്റ് പഞ്ചായത്ത് തയ്യാറാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് നല്‍കും. മരണപ്പെട്ട രാജുവിന്റെ കുടുംബാംഗത്തിന് സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ കീഴില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നല്‍കും. ആര്‍.കെ.വൈ പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്ന ഒമ്പത് കിലോമീറ്റര്‍ സോളാര്‍ ഹാങ്ങിങ് മാറോട് ഭാഗത്ത് സ്ഥാപിക്കാനും അതിനോട് ചേര്‍ന്ന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട രാജുവിന്റെ സഹോദര പുത്രനും കാട്ടാനയുടെ ആക്രമണത്തില്‍ അംഗ പരിമിതനുമായ ബിജുവിന് പെന്‍ഷന്‍ അനവുദിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭ്യമാക്കാനും നടപടിയെടുക്കും. കാട്ടാന ശല്യം കുറയ്ക്കുന്നതിനായി പ്രശ്‌നബാധിത മേഖലകളില്‍ ആര്‍.ആര്‍.ടി യുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിങ്ങും ശക്തമാക്കും. വന്യജീവി ആക്രമണം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ എല്ലാ മാസവും വിളിച്ചുചേര്‍ക്കും. പഞ്ചായത്ത് പ്രസിഡന്റും വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍മാരും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. രാജുവിന്റെ മകളുടെ തുടര്‍ പഠനത്തിനുവേണ്ടി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
*വന്യജീവി ആക്രമണം*
*പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും*
– മന്ത്രി എ.കെ.ശശീന്ദ്രന്‍
വയനാട്ടിലെ വന്യജീവി ആക്രമണം തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കല്ലൂര്‍ മാറോട് രാജുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. പ്രദേശത്തെ വന്യജീവി ശല്യം പ്രദേശവാസികളും കുടുംബാംഗങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനം ശക്തമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ അങ്ങേയറ്റം ദുഖമുളളതായും വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വനംവകുപ്പ് ഏറ്റെടുത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന രാജുവിന്റെ സഹോദര പുത്രന്‍ ബിജുവിന്റെ കാര്യവും പരിഗണിക്കും. ബിജുവിന് തുടര്‍ ചികിത്സയടക്കം വേണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടണമെന്നുമായിരുന്നു മറ്റാവശ്യം. വനം വകുപ്പ് പട്രോളിങ്ങ് പ്രദേശത്ത് ശക്തമാക്കാനും ആവശ്യമുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
*രാജുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കും*
– മന്ത്രി ഒ.ആര്‍.കേളു
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. പതിനൊന്ന് ലക്ഷം രൂപ കുടുംബത്തിന് അനുവദിക്കും. ധനസഹായം വൈകില്ല. അവര്‍ക്കുള്ള വീട് മോശമാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വീട് നല്‍കും. മകളുടെ പഠനത്തിനുള്ള നടപടികള്‍ പട്ടികവര്‍ഗ്ഗ വിസന വകുപ്പ് ഏറ്റെടുക്കും. പ്രദേശത്തേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.