Listen live radio
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയ വാഹനങ്ങളുടെ വാടക തുക വെട്ടികുറച്ചു. കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ആദ്യം നിശ്ചയിച്ചതിൽ നിന്നും 500 മുതൽ 1,500 വരെ കുറച്ചാണ് പുതിയ ഉത്തരവ്. നടപടിയിൽ നിയമപരമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ടാക്സി തൊഴിലാളികൾ.തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും, ഇതുവരെയും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ ടാക്‌സി വാഹനങ്ങള്‍ക്ക് വാടക തുക കിട്ടിയിട്ടില്ല. അതിനിടയിൽ ആണ് ആദ്യം നിശ്ചയിച്ച തുക കുറച്ചു കൊണ്ടുള്ള പുതിയ ഉത്തരവ്. പ്രതിദിനം പരമാവധി നൂറ് കിലോ മീറ്ററിന് 30 പേർക്ക് ഉൾക്കൊള്ളുന്ന വാഹനങ്ങൾക്ക് 6600 രൂപയും, 30 സീറ്റിൽ താഴെയുള്ളവയ്ക്ക് 4,400 വരെയും ആയിരുന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വാടക. ഇതിന് പുറമെ 350 രൂപ ബാറ്റയും. എന്നാൽ ഇപ്പോൾ 30 സീറ്റിൽ താഴെയുള്ള വാഹനങ്ങളുടെ വാടക തുകയിൽ വീണ്ടും ക്രമീകരണം വരുത്തിയാണ് ഉത്തരവ്.15 മുതൽ 19 വരെ സീറ്റിങ് കപ്പാസിറ്റിയുള്ള കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പ്രതിദിനം 4,000 രൂപയും, 8 മുതൽ 14 വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ള കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് 3,000 രൂപയായും കുറച്ചു. തുടക്കത്തിൽ നിശ്ചയിച്ച തുക ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിൽ ആണ് ജീവനക്കാർ. അതേസമയം മോട്ടോർ കാബുകൾക്കുള്ള തുക ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം നൽകിയ ഉറപ്പ് പാലിക്കാതെ വന്നതോടെ നിയമപരമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ടാക്‌സി ജീവനക്കാർ.