Listen live radio

ചാലിയാറില്‍ തിങ്കളും ചൊവ്വയും വിശദമായ തിരച്ചില്‍ ജനകീയതെരച്ചലില്‍ രണ്ടായിരം പേര്‍ പങ്കെടുത്തു

after post image
0

- Advertisement -

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടി മലപ്പുറം ജില്ലയില്‍ ചാലിയാറില്‍ തിങ്കള്‍, ചൊവ്വ (ഓഗസ്റ്റ് 12,13) ദിവസങ്ങളില്‍ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചില്‍ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗം പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരിക്കും ഒരു സംഘം തെരച്ചില്‍ നടത്തുക. രാവിലെ ഏഴുമണിക്കു മുണ്ടേരി ഫാം മേഖലയില്‍ തുടങ്ങുന്ന തെരച്ചില്‍ ഉച്ചയ്ക്കു രണ്ടുമണിക്കു പരപ്പന്‍പാറയില്‍ അവസാനിക്കും. എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തെരച്ചില്‍ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയുടെ ഈ ഭാഗത്തെ തെരച്ചിലിലിന് സന്നദ്ധപ്രവര്‍ത്തകരെ അനുവദിക്കില്ല.

വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമായിരിക്കും തെരച്ചില്‍ നടത്തുക. പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗസംഘങ്ങള്‍ തെരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തെരച്ചില്‍ നടത്തും.

ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയുണ്ട്. നൂറോളം വീടുകള്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാമ്പുകളിലായി 18 സംഘങ്ങള്‍ സര്‍വേ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഏതുപഞ്ചായത്തില്‍ താമസിക്കണമെന്നതു ക്യാമ്പില്‍ കഴിയുന്നവര്‍ക്കു തെരഞ്ഞെടുക്കാം. ദുരന്തത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ ആരുമില്ലാതെ ഒറ്റയ്ക്കായി പോയവരെ തനിച്ചുതാമസിപ്പിക്കുകയില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷകര്‍ത്താവായി നിയോഗിച്ചുകൊണ്ടായിരിക്കും ഇവരുടെ പുനരധിവാസം. വാടകവീടുകളിലേക്കു മാറുമ്പോള്‍ ഫര്‍ണിച്ചര്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അടിസ്ഥാനസൗകര്യ കിറ്റ് സജ്ജമാക്കും. എന്തെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് ആളുകളെ അറിയിക്കും.
ഞായറാഴ്ച നടന്ന ജനകീയതെരച്ചലില്‍ സന്നദ്ധപ്രവര്‍ത്തകരും പ്രദേശവാസികളും ക്യാമ്പില്‍ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേര്‍ പങ്കെടുത്തു. തെരച്ചിലില്‍ കാന്തന്‍പാറ വനത്തിനുള്ളില്‍നിന്നു മൂന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മനുഷ്യശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയില്‍നിന്ന് അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭാഗമാണോ എന്നു പരിശോധിക്കും.
ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങള്‍ തിരിച്ചറിയാനുള്ള ഡി.എന്‍.എ. പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാകാര്യങ്ങളും ചെയ്തുവെന്നാണ് വിവിധ സേനാവിഭാഗങ്ങള്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘ്രശീയും പങ്കെടുത്തു.

Leave A Reply

Your email address will not be published.