Listen live radio
250 കുഞ്ഞുങ്ങളെ സൈബര്‍ തടവറയിലടച്ച് ഹീനമായ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ഓസ്ട്രേലിയക്കാരന് ഒടുവില്‍ പിടിവീണു; ചരിത്രത്തിലെ കൊടും കുറ്റവാളികളിലൊരാളെന്ന് പൊലീസ്
അമേരിക്കയിലെ അതിപ്രശസ്തനായ യൂട്യൂബ് താരമാണ് താനെന്ന വ്യാജ ഐഡന്റ്ിറ്റിയില്‍ ഓസ്‌ട്രേലിയക്കാരനായ യുവാവ് ലൈംഗികമായി മുതലെടുത്തത് ലോകമെമ്പാടുമുള്ള 250ഓളം കുട്ടികളെ. കുട്ടികളെ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും കാട്ടി ഭീഷണിപ്പെടുത്തി കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയാണ് ഇയാള്‍ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭയത്തേയും ബലഹീനതകളേയും മുതലെടുത്ത് ചരിത്രത്തിലെ ഏറ്റവും ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്ന പ്രതി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ഓസ്‌ട്രേലിയന്‍ പൗരനായ മുഹമ്മദ് സൈനുല്‍ ആബിദീന്‍ റഷീദ് എന്ന 29 വയസുകാരന് നൂറിലധികം ലൈംഗിക ചൂഷണങ്ങളുടെ പേരില്‍ 17 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
യുകെ, യുഎസ്എ, ജപ്പാന്‍ തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, യുഎസ് ഹോം സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍, ഇന്റര്‍പോള്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ഇയാള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടേയും പരാതിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസും വെസ്റ്റേണ്‍ ആഫ്രിക്കന്‍ ജോയിന്റ് ആന്റ് ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ ഇയാളെ കുടുക്കിയത്.
ലൈംഗിക ചൂഷണങ്ങളുടെ മോഡസ് ഓപ്പ്രറാണ്ടി
താന്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണെന്നും തനിക്ക് 15 വയസാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന കുട്ടികളെ വിദഗ്ധമായി വിശ്വസിപ്പിച്ച ശേഷമാണ് സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ ഇയാള്‍ ട്രാപ്പിലാക്കുന്നത്. കുട്ടികളുമായി വളരെ സമര്‍ത്ഥമായി ചാറ്റ് ചെയ്ത് അവരുടെ പൂര്‍ണ വിശ്വാസം ആര്‍ജിച്ച ശേഷം പയ്യെ സംസാരം ലൈംഗിക വിഷയത്തിലേക്ക് കൊണ്ടുവരും. ഈ വിഷയത്തിലുള്ള സംശയങ്ങള്‍, ധാരണകള്‍, കുട്ടികള്‍ക്ക് പലരുമായുമുള്ള ബന്ധങ്ങള്‍ ഇവയെല്ലാം കുട്ടികളെക്കൊണ്ട് ഇയാള്‍ സൗഹൃദം നടിച്ച് പറയിപ്പിക്കും. സാധിച്ചാല്‍ ഫോട്ടോ ഉള്‍പ്പെടെ കൈക്കലാക്കും.നിര്‍ണായക വിവരങ്ങള്‍ കൈയ്യില്‍ കിട്ടിയാല്‍ പിന്നെ റഷീദിന്റെ വിധം മാറും. സ്‌ക്രീന്‍ഷോട്ടുകളും ചിത്രങ്ങളും പരസ്യപ്പെടുത്തുമെന്നും വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നും പറയും. സ്വാഭാവികമായും കുട്ടികള്‍ ഭയക്കും. പലരും പിന്നീട് കടുത്ത മാനസിക സമ്മര്‍ദത്തിലാകും. പലരും ആത്മഹത്യാ ഭീഷണി മുഴക്കുകയും ശരീരത്തില്‍ മുറിവുകള്‍ ഏല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്താലും ഇയാള്‍ തെല്ലും ദയ കാണിക്കില്ല. ഒടുവില്‍ ഗത്യന്തരമില്ലാകെ കുട്ടികള്‍ ഇയാള്‍ പറയുന്ന വിധത്തില്‍ ക്യാമറ ഓണ്‍ചെയ്ത് പറയുന്നത് എല്ലാം ചെയ്യാന്‍ തയ്യാറാകും.