Listen live radio
ലണ്ടന്‍: വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട് മറ്റൊരാളാകുമെന്നു വീണ്ടും തെളിഞ്ഞു. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും റൂട്ട് സെഞ്ച്വറി നേടി. താരത്തിന്റെ സെഞ്ച്വറി ബലത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നില്‍ വച്ചത്.
483 റണ്‍സാണ് ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 427 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 251 റണ്‍സുമാണ് കണ്ടെത്തിയത്. ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 196 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍. രണ്ട് ദിനവും 8 വിക്കറ്റുകളും ശേഷിക്കെ ലങ്കയ്ക്ക് ജയിക്കാന്‍ 430 റണ്‍സ് കൂടി വേണം.
ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സെടുത്ത റൂട്ട് രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സുമായി ഇംഗ്ലണ്ട് ഇന്നിങ്‌സിനു കരുത്തായി. 121 പന്തുകള്‍ നേരിട്ട് 10 ഫോറുകളുമായാണ് താരം 34ാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. റെക്കോര്‍ഡുകളുടെ തിളക്കവും താരത്തിന്റെ രണ്ടാം സെഞ്ച്വറിക്കുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍, ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇംഗ്ലണ്ട് താരം തുടങ്ങിയ റെക്കോര്‍ഡുകള്‍ ഇനി റൂട്ടിനു സ്വന്തം. ടെസ്റ്റില്‍ 34ാം സെഞ്ച്വറിയാണിത്. ലോര്‍ഡ്സിലെ 7ാം ശതകവും.
രണ്ടാം ഇന്നിങ്‌സില്‍ റൂട്ട് മാത്രമാണ് അധിക നേരം ക്രീസില്‍ നിന്നത്. ഹാരി ബ്രൂക് (37), ബെന്‍ ഡുക്കറ്റ് (24), ജാമി സ്മിത്ത് (26) എന്നിവര്‍ റൂട്ടിനെ പിന്തുണച്ചു. അവസാന വിക്കറ്റായി ക്രീസ് വിട്ടതും റൂട്ട് തന്നെ.