Listen live radio
മുണ്ടക്കൈ-ചൂരന്‍മല ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മേപ്പാടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിന്തബാധിതരായ തൊഴിലാളികള്‍ക്കുള്ള ചികിത്സാ ആനുകൂല്യവും ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത മേഖലയിലുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. സര്‍ക്കാരും തൊഴില്‍ വകുപ്പും ചൂരല്‍മല-മുണ്ടക്കൈ വില്ലേജുകളിലെ തൊഴിലാളികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിന്റെ വ്യാപ്തി അധികമായും നേരിടേണ്ടി വരുന്നത് തൊഴിലാളികളാണ്. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയും ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയുള്ള ആശ്വാസ ധനസഹായം വിതരണവും ഉറപ്പാക്കുന്നുണ്ട്.ദുരിതബാധിതരായ തോട്ടം തൊഴിലാളികളികള്‍ക്ക് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും സഹായധനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം പ്രാബല്യത്തിലാക്കാന്‍ മാനേജ്മെന്റ് തയ്യാറാവുകയും തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് താങ്ങായി നില്‍ക്കുന്നത് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചികിത്സാ ധനസഹായമായി മൂന്ന് തൊഴിലാളികള്‍ക്ക് അനുവദിച്ച 50000 രൂപയും തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മരണാനന്തര ധനസഹായമായി അനുവദിച്ച ഒരു ലക്ഷം രൂപ വീതം രണ്ട് പേര്‍ക്കും ചികിത്സാധനസഹായ ഇനത്തില്‍ ഏഴ് അംഗങ്ങള്‍ക്ക് 25000 രൂപ വീതവും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പ്ലാന്റേഷന്‍സ് കീഴില്‍ ജോലി ചെയ്യുന്ന 286 തൊഴിലാളികള്‍ക്ക് 10000 രൂപ വീതം നല്‍കുന്നതിന്റെ ഉദ്ഘാടനവും മന്ത്രിമാരായ വി.ശിവന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ നിര്‍വഹിച്ചു. മേപ്പാടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടി.സിദിഖ് എം.എല്‍.എ അധ്യക്ഷനായി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം. ഷജീന, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍ കെ.എല്‍ സതീഷ് കുമാര്‍, പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ പി.ആര്‍ ശങ്കര്‍, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. പ്രമോദ്, ഹാരിസണ്‍ മലയാളം ലിമിറ്റഡ് ജനറല്‍ മാനേജര്‍ ബെനില്‍ ജോണ്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളായ പി.ഗഗാറിന്‍, സുരേഷ് ബാബു, പി.കെ മൂര്‍ത്തി, പി.കെ അനില്‍കുമാര്‍, റ്റി. ഹംസ, പി.കെ മുരളീധരന്‍, വേണു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.