Listen live radio
സമൂഹത്തിന്റെ ഐക്യബോധവും കൂട്ടായുള്ള പ്രവര്‍ത്തനവും പ്രശംസനീയമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായതയോടെ നിന്ന ജന വിഭാഗത്തിന്റെ സംരക്ഷണത്തിനായുള്ള അത്യപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാട് കൈകോര്‍ത്തത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതപൂര്‍ണ്ണമായ ദിനങ്ങളില്‍ നിന്നും സന്തോഷത്തിന്റെയും പ്രത്യാശയുടെയും നാളുകളിലേക്കാണ് നമ്മുടെ കുട്ടികള്‍ എത്തിയത്. കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടി മുന്നേറണമെന്ന രക്ഷിതാക്കളുടെ സ്വപ്ന സാക്ഷാത്കാരമാണ് പുന:പ്രവേശനത്തിലൂടെ സാധ്യമാകുന്നത്. മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തമേഖലയിലെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാറിന്റെയും മന്ത്രിസഭാഉപസമിതി അംഗങ്ങളുടെയും നിരന്തര ശ്രദ്ധയുണ്ടെന്നും മന്ത്രി പറഞ്ഞു. മേഖലയില്‍ അപകടമുണ്ടായത് മുതല്‍ നിരന്തരം ഇടപെടല്‍ നടത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പ്രാദേശിക ജനത, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ത്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഠനോപകരണങ്ങള്‍ ടി. സിദ്ദിഖ് എം.എല്‍.എയും വിതരണം ചെയ്തു. യൂണിഫോം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഗ്രാന്റ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിതരണം ചെയ്തു. ഐ.ടി ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബിന്ദു വിതരണം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപാസ് വിതരണം ചെയ്തു. നഴ്സറി കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്.ഷാനവാസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ടീച്ചര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.നാസര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം സി. രാഘവന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബിഷ് കുര്യന്‍, സി.കെ നൂറുദ്ദീന്‍, എന്‍.കെ സുകുമാരന്‍, എസ്.എസ്.കെ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ കെ.ജി ഷൈന്‍ മോന്‍, വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ വി.എ ശശീന്ദ്രവ്യാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.