Listen live radio
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന അടിയന്തര സഹായവും വാടകയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തില്‍ അപര്യാപ്തമാണ്. താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവര്‍ക്ക് അപര്യാപ്തമാണെന്നും അതിനാല്‍ വാടക മേപ്പാടിയില്‍ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വര്‍ധിപ്പിക്കുകയും അടിയന്തര സഹായധനം വര്‍ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ പ്രദേശം കൃഷിഭൂമി കൃഷിയോഗ്യമല്ലാതെയും ആയിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു മുതിര്‍ന്നവര്‍ക്ക് മുന്നൂറ് രൂപ എന്ന തുക വര്‍ധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വര്‍ഷത്തേക്ക് നീട്ടുകയും വേണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമുള്ള വെല്ലുവിളികളെ മറികടക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണം. ദുരന്തത്തിന് ശേഷം താനും സഹോദരി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ദുരന്ത ബാധിതര്‍ക്കുമുള്ള കേന്ദ്ര സഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദുരന്തത്തിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സര്‍ക്കാരും ദുരന്തനിവാരണ സംവിധാനങ്ങളും ഒരുമിച്ചു നടത്തിയ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് വ്യക്തമാക്കി.