Listen live radio
മാനന്തവാടി : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ സാന്ത്വന പരിചരണ സംവിധാനമായ പൂക്കോയ തങ്ങള്‍ ഹോസ്പിസിന്റെ മാനന്തവാടി സെന്റര്‍ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3 ന് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിന് സമീപം ഡബ്ല്യുഎംഒ ബാഫഖി ഹോമിലാണ് പരിപാടി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സി പി മൊയ്തു ഹാജി അധ്യക്ഷത വഹിക്കും. ജില്ലാ ലീഗ് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, പി ടി എച്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ എം എ അമീറലി, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ആരോഗ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.പൂക്കോയ തങ്ങള്‍ ഹോസ്പിസിന്റെ മുപ്പത്തി മൂന്നാമത്തെ സെന്ററാണ് മാനന്തവാടിയില്‍ ആരംഭിക്കുന്നത്. എമര്‍ജന്‍സി നൈറ്റ് ഹോം കെയര്‍ യൂണിറ്റായാണ് ഇവിടെ പി ടി എച്ച് പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ മാനന്തവാടിയില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പി ടി എച്ചിന്റെ സേവനം ലഭ്യമാക്കും.
പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികള്‍ക്ക് രാത്രി കാലത്തുണ്ടാവുന്ന പ്രയാസങ്ങള്‍ക്ക് അവര്‍ വിളിക്കുന്നതിനനുസരിച്ച് സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പി ടി എച്ച് മാനന്തവാടി സെന്റര്‍ ഭാരവാഹികളായ കെ സി അസീസ് കോറോം, അഡ്വ. പടയന്‍ റഷീദ്, മോയിന്‍ കാസിം, അഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.