Listen live radio
മേപ്പാടി: മുണ്ടക്കൈ – ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി സൂചിപ്പാറ മുതല്‍ ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ദുരന്തബാധിതരുടെ നേതൃത്വത്തില്‍ നടന്ന ജനകീയ കമ്മിറ്റി രുപീകരണ യോഗം ആവശ്യപ്പെട്ടു. ദുരന്തബാധിതരായ മുഴുവന്‍ ആളുകളുടേയും പുനരധിവാസം ഉറപ്പാക്കുക, പരുക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുക, കൃഷിഭൂമി നഷ്ടപ്പെട്ടവര്‍, വ്യാപാരികള്‍, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍, വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, കൃഷിക്ക് ആവശ്യമായ വൈദ്യുതി പുനസ്ഥാപിക്കുക, പുത്തുമലയിലെ പൊതു ശ്മാശനത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കി വൈദ്യുതി ലഭ്യമാക്കുക, ശ്മാശനം സ്മാരകമായി പ്രഖ്യാപിക്കുക, ദുരന്തബാധിതരായ 10, 11, 12 വാര്‍ഡുകളിലെ സാമ്പത്തിക ബാധ്യതകള്‍ എഴുതി തള്ളുക, ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, ലയങ്ങളില്‍ താമസിച്ചവരേയും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ജനകീയ കമ്മിറ്റിയെ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നഷ്ടപരിഹാരവും സ്വന്തം നിലയില്‍ വീട് വയ്ക്കാനുള്ള അനുവാദവും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ദുരന്തം ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല, അട്ടമല വാര്‍ഡുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി 25 അംഗ കമ്മിറ്റിയാണ് രുപീകരിച്ചത്. കെ. മന്‍സൂര്‍ (ചെയര്‍മാന്‍), സി. മനോജ് (കണ്‍വീനര്‍), വിജയന്‍ മഠത്തില്‍ (ട്രഷറര്‍), എ. നസീര്‍ (വൈ.ചെയര്‍മാന്‍), പ്രശാന്ത്, സി.എച്ച് സുലൈമാന്‍ (ജോ. കണ്‍വീനര്‍മാര്‍), ജോജോ ജോസഫ്, ജിജിത്ത് (എക്‌സി. അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സി. മനോജ്, എന്‍.കെ സുകുമാരന്‍, കെ. മന്‍സൂര്‍, സി.എച്ച് സുലൈമാന്‍, കെ. ഉസ്മാന്‍, എ. നസീര്‍, വിജയന്‍ മഠത്തില്‍, ജിജിത്ത് സംസാരിച്ചു. യോഗത്തില്‍ മൂന്നു വാര്‍ഡുകളില്‍ നിന്നായി ദുരന്തബാധിതരായ 600 ഓളം പേര്‍ പങ്കെടുത്തു.