Listen live radio
നഗര ഗ്രാമീണ മേഖലയില്‍ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെയും സ്വച്ഛ് ഭാരത് മിഷന്‍ സ്‌കീമിന്റെയും ഭാഗമായാണ് ഒക്ടോബര്‍ രണ്ട് വരെ ക്യാമ്പയിന്‍ നടത്തുന്നത്. പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ബഹുജന പങ്കാളിത്തത്തോടെ റാലികള്‍, മേളകള്‍, ശുചിത്വ മനുഷ്യ ചങ്ങലകള്‍, ശുചിത്വ മാരത്തോണുകള്‍ ,ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടക്കും. ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍ എന്നിവടങ്ങളില്‍ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ജില്ലയില്‍ വൃത്തിഹീനമായി കിടക്കുന്ന ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും അവയുടെ പരിപാലനം ഉറപ്പാക്കുകയും ചെയ്യും.
ശുചീകരണ- മാലിന്യ ശേഖരണ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരുന്ന ജീവനക്കാരെയും, ഹരിത കര്‍മ്മ സേന അംഗങ്ങളെയും പൊതുമധ്യത്തില്‍ ആദരിക്കുകയും അവര്‍ക്കായി ഇന്‍ഷുറന്‍സ് സുരക്ഷാ സംവിധാനങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ക്യാമ്പയിനിന്റെ ഭാഗമായി വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അജൈവ മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതമിത്രം ആപ്പ് മഖേന ഇതുവരെ എന്റോള്‍ ചെയ്യാത്ത വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ യഥാക്രമം തരം തിരിക്കുക, ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കുക, അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും. സ്‌കൂള്‍ തലത്തിലും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനതലത്തിലെ എന്‍ഫോഴ്സ്മെന്റ് ടീമിന്റെ സഹായത്തോടെ വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട ഭക്ഷണശാല നടത്തിപ്പുകാര്‍ക്കും ഒറ്റ തവണ ഉപയോഗയുക്തമായ പ്ലാസ്റ്റിക്കിന്റെ നിരോധനം, മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലുള്ള പിഴ, ശിക്ഷാ നടപടികള്‍ എന്നിവയില്‍ ബോധവല്‍ക്കരണം നല്‍കും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മതിലുകള്‍, ടോയ്‌ലറ്റ് സമുയച്ചങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവ മനോഹരമാക്കുന്നതിനായി ചുമരെഴുത്തും ചിത്രങ്ങളും വരയ്ക്കുന്നതിനോടൊപ്പം ചുറ്റുപാടുകളുടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കും. സ്വച്ഛ്താ ഹി സേവാ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റ ഭാഗമായി നഗരസഭകളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കല്‍പറ്റയില്‍ നടന്നു. പരിശീല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി ) റഹീം ഫൈസല്‍,
പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.