Listen live radio
ക്വാര്‍ട്ടേഴ്‌സിന് അപേക്ഷ നല്‍കണം
മേപ്പാടി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരും താമസിക്കാന്‍ കഴിയാത്ത വിധം വീട് തകര്‍ന്നവരുമായവരില്‍ നിലവില്‍ ബന്ധു, വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗവ.ക്വാര്‍ട്ടേഴ്‌സ് ഉപാധികളോടെ അനുവദിക്കുന്നതിനുള്ള അപേക്ഷ നിശ്ചിത ഫോറത്തില്‍ പൂര്‍ണ്ണ വിവരങ്ങളോടെ നല്‍കണം. അപേക്ഷ സെപ്തംബര്‍ 28 ന് വൈകുന്നേരം നാലിന് മുന്‍പ് തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍ 04936 202634
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് ജില്ലാതല മത്സരങ്ങള്‍ നടക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ എട്ടിന് സ്‌കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്ററിംഗ്, ക്വിസ്, ഉന്യാസം, പ്രസംഗം ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. സര്‍ക്കാര്‍ എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കുളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീം ആയിരിക്കും ക്വിസ് മത്സരത്തില്‍ ഓരോ സ്ഥാപനത്തില്‍ നിന്നും പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് വരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തിലും പങ്കെടുക്കാം. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. എട്ടാം തിയതിയാണ് സംസ്ഥാനതല മത്സരം. ഫോണ്‍ 04936 202623
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഒഴുക്കന്മൂല ചർച്ച്, കല്ലോടി, ചൊവാ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (സെപ്തംബര്‍ 25) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ഉണ്ടായിരിക്കും. ഫോണ്‍ 9744134901, 8281362097, 9847699720
മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, ഗവ. മെഡിക്കല്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍ കോഴ്‌സ്/ മെഡിക്കല്‍ ഡോക്യൂമെന്ററേഷന്‍ ബിരുദാനന്തര ബിരുദം/ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സില്‍ ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 40 വയസ്സ് കവിയരുത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം സെപ്തംബര്‍ 30 ന് രാവിലെ 10.30ന്് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍ 04936 256229
തെങ്ങിന് തടം മണ്ണിന് ജലം ക്യാമ്പയിന്‍
മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെങ്ങിന്‍ തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പയിന് തുടക്കമായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളി പാക്കത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മഴവെള്ളം ഒഴുകി പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജല നിരപ്പ് ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. പാക്കം, ദാസനക്കര ഭാഗങ്ങളിലായി 100 വീടുകളിലെ തെങ്ങുകള്‍ക്കാണ് ജനകീയമായി തടമെടുത്തത്. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്കിലെ ചുരുങ്ങിയത് ഒരു വാര്‍ഡാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ജലക്ഷാമവും വരള്‍ച്ചയും കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തടമെടുത്ത് തുലാവര്‍ഷത്തിലും വേനല്‍ മഴയിലും ലഭിക്കുന്ന വെള്ളം സംരക്ഷിക്കുന്ന രീതിയിലാണ് ക്യാമ്പയിന്‍. തടമെടുക്കുന്നതിനോടൊപ്പം പുതയിടുകയും ചെയ്യുന്നുണ്ട്. ഇതുവഴി മണ്ണിന്റെ ഈര്‍പ്പം നിലനില്‍ക്കുന്നതിന് സാധിക്കും. കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍ എസ് എസ് വിദ്യാര്‍ഥികള്‍, പ്രദേശവാസികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങി 200-ഓളം പേര്‍ ക്യാമ്പയിനില്‍ പങ്കാളികളായി. തെങ്ങ് കയറ്റം ഉപജീവനമായി സ്വീകരിച്ച 19-ആം വാര്‍ഡിലെ ജോഷി ചക്കുംകുടി യെ ഹരിത കേരളം മിഷന്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി സി മജീദ്, വാര്‍ഡ് മെമ്പര്‍ രജിത്ര ബാബുരാജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍ എന്നിവര്‍ സംസാരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെയും കാപ്പിസെറ്റ് പ്രഭാത് ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ എ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.കെ മത്തായി അധ്യക്ഷത വഹിച്ചു. അബി കൊല്ലമന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്രാന്‍സിസ് പഞ്ഞിക്കാലായില്‍, വിജി സന്തോഷ്, മിദു വട്ടപ്പാറയില്‍, മേഴ്‌സി പഞ്ഞിക്കാലായില്‍ എന്നിവര്‍ സംസാരിച്ചു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ : അഭിമുഖം 26 ന്
വെള്ളമുണ്ട ഗവ ഐടിഐ യിലെ പ്ലംബര്‍ ട്രേഡ് ബില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍/ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ രണ്ട് വര്‍ഷത്തെ ഡിപ്ലോമയും പ്രവര്‍ത്തി പരിചയം/ പ്ലംബര്‍ ട്രേഡില്‍ എന്‍.ടി.സി /എന്‍.എ. സി 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11ന് യോഗ്യത സര്‍ട്ടിഫിക്കറ്റ് അസ്സലും പ്രവര്‍ത്തിപരിചിയെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുമായി ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 04935 294001, 9447059774
സേഫ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2019 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിലവിലെ വീടിന് വാതില്‍, ജനല്‍ സ്ഥാപിക്കല്‍, അടുക്കള നിര്‍മ്മാണം- നവീകരണം, കിച്ചണ്‍ സ്ലാബ് ഷെല്‍ഫ്, അടുപ്പ് ഉള്‍പ്പെടെ അധിക റൂം നിര്‍മ്മിക്കല്‍, നിലം ടൈല്‍ പാകല്‍, വയറിങ്, വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍, ഫാന്‍, ലൈറ്റ് സ്ഥാപിക്കല്‍, പ്ലംബിങ് പ്രവര്‍ത്തികള്‍, ഭിത്തി ബലപ്പെടുത്തല്‍, വീടുകളുടെ ചുവര്‍ തേച്ച് പെയിന്റിങ് ചെയ്യല്‍ / മേല്‍ക്കൂര നവീകരണം / ടോപ്പ് പ്ലാസ്റ്ററിങ്, ശുചിമുറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് ധനസഹായം അനുവദിക്കുക. അപേക്ഷ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും സുല്‍ത്താന്‍ ബത്തേരി, പൂതാടി, ചീങ്ങേരി, നൂല്‍പ്പഴ പുല്‍പ്പള്ളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടാം.
വീഡിയോ എഡിറ്റിങ് കോഴ്സ്
മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org ലോ അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. ഫോണ്‍:0471 2726275, 9400048282, 6282692725