Listen live radio
വായ്പാ പദ്ധതി
അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് വിവിധ വായ്പാ പദ്ധതികളില്‍ പിന്നാക്ക മതന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍, വ്യക്തിഗത വായ്പ, സ്റ്റാര്‍ട്ട് അപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വാഹന വായ്പ എന്നി വായ്പകള്‍ക്ക് അപേക്ഷിക്കാം. നാല് ശതമാനം മുതലാണ് പലിശ നിരക്ക്. 18 നും 55 നും ഇടയില്‍ പ്രായമുളള മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04935 293055, 293015, 6282019242
റേഷന്‍കാർഡ്
മസ്റ്ററിങ്ങ് നടത്തണം
ജില്ലയിലെ മഞ്ഞ പിങ്ക് റേഷന്‍ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളും മസ്റ്ററിങ്ങ് നടത്തണം. ഒക്‌ടോബര്‍ 3 മുതല്‍ 8 വരെ രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അതത് റേഷന്‍കടകളിലോ ക്യാമ്പുകളിലോ എത്തി മസ്റ്ററിങ്ങ് നടത്താം. ഫോണ്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് സപ്ലൈ ഓഫീസ് 04936 202213, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് 04936 255222, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് 04935 240252.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടലാട് അത്തിമട്ടം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി പത്ത് ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കി.
എസ്.സി പ്രമോട്ടര്‍ നിയമനം
കല്‍പ്പറ്റ നഗരസഭയില്‍ പട്ടികജാതി പ്രമോട്ടറെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യ ഒക്‌ടോബര്‍ 3 ന് രാവിലെ 11ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള പ്ല്‌സടു തത്തുല്യ യോഗ്യതയുള്ള കല്‍പ്പറ്റ നഗരസഭ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകരില്ലെങ്കില്‍ തൊട്ടടുത്ത ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള വരെ പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
അകൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമം
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തിയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബികോം, പി.ജി.ഡി.സി.എയാണ് യോഗ്യത. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ് എന്നിവയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വിദ്യാഭ്യാസ, യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി കൂടിക്കാഴചക്ക് എത്തണം. ഫോണ്‍-04936- 202035
പോഷ് ആക്ട് : പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നു. സ്ഥാപന മേധാവികള്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ tthps://posh.wcd.kerala.gov.in/posh/index.php പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 04936 246392.
അസിസ്റ്റന്റ് സര്‍ജന്‍ നിയമനം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 10 ന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 04936 – 282854
വൈദ്യുതി മുടങ്ങും
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂട്ടമുണ്ട സബ്സ്റ്റേഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയോമധുരം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം
ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വായോമധുരം പദ്ധതിയിലേയ്ക്ക് മുതിര്‍ന്ന പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ സാമൂഹികനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും swd.kerala.gov.in സന്ദര്‍ശിക്കം. ഫോണ്‍ 04936 205307