Listen live radio

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും: ജില്ലാ വികസന സമിതി

after post image
0

- Advertisement -

 

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് പ്രാദേശിക നിര്‍വഹണ സമിതി, കോഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ 56 സാമൂഹിക പഠന മുറികള്‍ ശാക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തനത് ഫണ്ട് വകയിരുത്തി കൊഴിഞ്ഞുപോക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ ഊരുകൂട്ടം വളണ്ടിയര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുകയും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ വീട്ടുനമ്പര്‍ ലഭിക്കാത്ത പരാതിയില്‍ പട്ടികവര്‍ഗ്ഗ വികസന-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 നകം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി നടപടികള്‍ വേഗത്തിലാക്കാനും യോഗം നിര്‍ദേശിച്ചു. ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം ലക്ഷ്യമിട്ട് സൗത്ത്- നോര്‍ത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസുകള്‍ സംയുക്തമായി 88 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട്, ഹോംസ്റ്റേ നടത്തിപ്പുക്കാര്‍ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ഡി.ജെ പാര്‍ട്ടി, ലൈറ്റിങ്, രാത്രി വനയാത്രക്കള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ടൂറിസം ഓപ്പറേറ്റേഴ്‌സിന്റെ യോഗം അടിയന്തരമായി ചേരാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി അറിയിച്ചു. ജില്ലയിലെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാക്കാനുള്ള ഡി.പി.ആര്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ വാര്‍ഡുകളിലും മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് ജനങ്ങള്‍ക്കു തന്നെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 262 മഴ മാപിനികള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ 200 സ്‌കൂളുകളിലും മഴമാപിനികള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അമ്പുകുത്തിമലയിലും മേപ്പാടി ഗ്രാമപഞ്ചായത്തിലും അനധികൃതമായി നടത്തിയ നിര്‍മ്മാണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കളക്ടറോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.