Listen live radio

മാലിന്യമുക്തം നവകേരളം ജില്ലയില്‍ ജനകീയ ക്യാമ്പെയിന്‍

after post image
0

- Advertisement -

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിനിന് ജില്ലയൊരുങ്ങി. ഒക്ടോബര്‍ 2 മുതല്‍ 2025 മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍ നടക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും 4 ബ്ലോക്കുകളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും. വാര്‍ഡ്തലങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കും. മലിനമായ നീര്‍ച്ചാലുകള്‍, പുഴകള്‍, കുളങ്ങള്‍ തുടങ്ങിയ ജലാശയങ്ങളുടെ നവീകരണം, മാലിന്യ കൂനകള്‍ നീക്കം ചെയ്ത സ്ഥലത്ത് പൂന്തോട്ട നിര്‍മ്മാണം, ചിത്ര ചുമര്‍, ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ വിതരണം, മിനി എം സി എഫ് , എം സി എഫുകളുടെ ഉദ്ഘാടനം, മുതലായവയാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക. ക്യാമ്പയിനിന്റെ ഏകോപനത്തിനായി ജില്ലാ കളക്ടര്‍ കണ്‍വീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേര്‍സണായും ജില്ലാതല നിര്‍വഹണ സമിതി രൂപീകരിച്ചു.

ബ്ലോക്ക് തലത്തിലും തദ്ദേശ സ്ഥാപനതലത്തിലും വാര്‍ഡ് തലത്തിലും നിര്‍വഹണ സമിതികള്‍ രൂപീകരിച്ച് ജനകീയമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഒക്ടോബര്‍ 2നു രാവിലെ 11 ന് കൃഷ്ണഗിരിയില്‍ ഐ സി ബാലകൃഷ്ണന്‍ എം. എല്‍. എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൃഷ്ണഗിരിയില്‍ മാലിന്യം നീക്കം ചെയ്ത ഭാഗത്ത് പൂച്ചെടികള്‍ നട്ട് സൗന്ദര്യ വത്കരണം നടത്തും. ഇതിന് മുന്നോടിയായി കാക്കവയല്‍ മുതല്‍ കൊളഗപ്പാറ കവല വരെ മെഗാ ശുചീകരണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍,എന്‍.എസ് എസ് വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ , ഹരിതകര്‍മ സേന, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എസ് ടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ അണിനിരന്നു. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ 2025 മാര്‍ച്ച് 30-നു സമ്പൂര്‍ണ ശുചിത്വ കേരള പ്രഖ്യാപനം നടത്താനാണ് ക്യാമ്പെയിന്‍ ലക്ഷ്യമിടുന്നത്. ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത ടൂറിസം കേന്ദ്രങ്ങള്‍, ഹരിത ഓഫീസുകള്‍, ഹരിത ക്യാമ്പസുകള്‍ , ഹരിത വിദ്യാലയങ്ങള്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റ ഭാഗമായി ജില്ലയില്‍ നടക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങള്‍ സമ്പൂര്‍ണ ശുചിത്വവും ഭംഗിയുള്ളതുമായ സ്ഥലമായി പ്രഖ്യാപിക്കും.

Leave A Reply

Your email address will not be published.